house

തിരുവനന്തപുരം: സി.വി രാമൻപിളള 110 വർഷം മുമ്പ് നിർമ്മിച്ച വീടാണ് തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ളബിന് എതിർവശത്തുളള റോസ്കോട്ടെന്ന നാലുകെട്ട്. രാമൻപിളള പഠിച്ച യൂണിവേഴ്സിറ്റി കോളേജിലെ (പഴയ മഹാരാജാസ് കോളേജ്) ആദ്യ പ്രിൻസിപ്പലായിരുന്ന സ്കോട്ട്ലാൻഡുകാരൻ പ്രൊഫ.ജോൺ റോസിന്റെ ഓർമ്മയ്‌ക്കായാണ് വീടിന് റോസ്കോട്ടെന്ന പേര് നൽകിയത്.

ഇപ്പോൾ വീടിന്റെ ഒരു ഭാഗത്ത് സി.വിയുടെ കൊച്ചുമകൾ സുശീല ഭായിയും മക്കളായ രാജീവും രമേശുമാണ് താമസം. സി.വിയുടെ മറ്റൊരു കൊച്ചുമകളായ തങ്കമ്മയുടെ കൊച്ചുമകൾ രമ ഹരികൃഷ്‌ണനാണ് റോസ്കോട്ടിലെ ഒരു ഭാഗത്തിന്റെ ഇപ്പോഴത്തെ അവകാശി. രമയും മക്കളായ ആതിരയും ഉത്തരയും ചരമ ശതാബ്‌ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എറണാകുളത്ത് നിന്നെത്തിയിട്ടുണ്ട്.

റോസ്‌കോട്ടിൽ ജീവിച്ചവരിൽ സി.വി. രാമൻപിളളയും, ഇ.വി .കൃഷ്‌ണപിളളയും അടൂർ ഭാസിയുമടക്കമുള്ള പെരുമക്കാർ ഏറെയുണ്ടെങ്കിലും, തറവാട്ട് പേരിന്റെ പെരുമ പേരിനൊപ്പമാക്കിയത് സി.വി.രാമൻപിളളയുടെ ചെറുമകനായ റോസ്‌കോട്ട് കൃഷ്‌‌ണപിളളയായിരുന്നു. മൂന്ന് ഏക്കറിലായിരുന്നു നാലുകെട്ടും ഔട്ട് ഹൗസും അടങ്ങുന്ന ബംഗ്ലാവ്. പരമ്പരാഗത കേരളീയ ശൈലിയിൽ നിന്നുമാറി ഉയരം കൂടിയ ചുമരുകളും നീളൻ വരാന്തയും വലിപ്പമേറിയ വാതിലും ജനലുമൊക്കെയായി യൂറോപ്യൻ ശൈലിയിലായിരുന്നു നിർമ്മാണം. മുൻവശത്തെയും നടുമുറ്റത്തെയും കൈവരികൾ മുംബയിൽ നിന്നു കൊടുത്തുവിട്ടത് അക്കാലത്ത് അവിടെയായിരുന്ന ചിത്രകലയുടെ തമ്പുരാൻ രാജാ രവിവർമ്മയാണ്.

‘മാർത്താണ്ഡ വർമ്മ’ സ്വന്തം കൈപ്പടയിലെഴുതിയ സി.വി ,ബാക്കി നോവലുകൾ പറ‍ഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു. കേട്ടെഴുതിയിരുന്നത് ഇ.വി കൃഷ്‌ണപിളളയും മുൻഷി പരമു പിളളയും. റോസ്‌കോട്ടിന്റെ ഔട്ട്ഹൗസിലായിരുന്നു ഇരുവരുടെയും താമസം. പിന്നീട് സി.വിയുടെ നാലാമത്തെ മകളായ മഹേശ്വരി അമ്മയെ വിവാഹം കഴിച്ചതോടെ ഇ.വിയും റോസ്കോട്ടിലെ വീട്ടുകാരനായി.

റോസ്‌കോട്ടിലെ കുടുംബ സദസിൽ ഒരുമിച്ച് നാടകം കളിച്ച് കലാലോകത്തേയ്‌ക്ക് ചുവടു വച്ചവരാണ് സി.വിയുടെ കൊച്ചുമക്കളായ അടൂർഭാസിയും റോസ്കോട്ട് കൃഷ്‌ണപിളളയും. ഇരുവരും ജനിച്ചതും വളർന്നതും ഈ വീട്ടിലാണ്. തലമുറകൾ കൈമാറിയതോടെ മൂന്നേക്കറിൽ വിശാലമായിരുന്ന റോസ്കോട്ട് വളപ്പ് ചുരുങ്ങി.