തമിഴ് അരങ്ങേറ്റം, വിവാഹം. പുതിയ വിശേഷത്തിൽ ധ്രുവൻ

dd

നട്ടുച്ച.ഒറ്റപ്പാലം മനിശേരിയിൽ ധ്രുവന്റെ വീടാണ് ലൊക്കേഷൻ. പുതുവർഷത്തിൽ രണ്ടു വിശേഷങ്ങൾ ജീവിതത്തിൽ സംഭവിച്ചതിന്റെ ആഹ്ളാദത്തിൽ ധ്രുവൻ.അജിത്തിന്റെ വില്ലൻമാരിൽ ഒരാളായി വലിമൈ എന്ന ചിത്രത്തിൽ ധ്രുവൻ നിറഞ്ഞാടിയത് നമ്മൾ വെള്ളിത്തിരയിൽ കണ്ടു. വലിമൈ ധ്രുവന്റെ തമിഴ് അരങ്ങേറ്റ സിനിമയാണ്. പ്രിയ പാതിയായി അഞ്ജലി ജീവിതത്തിലേക്ക് കയറി വന്നതാണ് അടുത്ത വിശേഷം. വിവാഹശേഷം ധ്രുവന്റെയും അഞ്ജലിയുടെയും ആദ്യ വിഷു ആണ്. എപ്പോഴും ധ്രുവന്റെ മുഖത്ത് പറ്റികിടക്കുന്നതാണ് നേർത്ത പുഞ്ചിരി. അഞ്ജലിയുടെ അരികിലിരുന്ന് നിറഞ്ഞു ചിരിച്ച് ധ്രുവൻ മിണ്ടി തുടങ്ങി.

'' നാലു ദിവസം മുൻപ് വിവാഹം കഴിഞ്ഞു. മാർച്ചിൽ നിശ്ചയം . മാർച്ചിൽ തന്നെ വിവാഹം.ഒരു കുഞ്ഞു കല്യാണം. മാട്രിമോണിയൽ വഴി വന്നതാണ് ആലോചന. പെണ്ണു കാണലിലും വിവാഹ നിശ്ചയത്തിനുമാണ് അഞ്ജലിയെ നേരിട്ടു കാണുന്നത്. പിന്നെ കാണുന്നത് വിവാഹത്തിന്. കാസർകോടാണ് അഞ്ജലിയുടെ നാട്. ബംഗ്ളൂരുവിൽ ഐ.ടി രംഗത്ത് ജോലി ചെയ്യുന്നു. എന്റെ സിനിമകളിൽ അഞ്ജലി ആദ്യം കാണുന്നത് ആദ്യ ചിത്രമായ ക്വീൻ ആണ്. വിവാഹം നിശ്ചയിച്ച ശേഷം ആറാട്ടും വലിമൈയും കണ്ടു.വീട്ടുകാരോടൊപ്പമാണ് വലിമൈ കാണുന്നത് .

ആ കഥാപാത്രം പോലെ തന്നെയാണോ ഞാൻ എന്ന് അഞ്ജലിക്ക് തോന്നി. അത് കഥാപാത്രമല്ലേ?​'' ഒരു ചോദ്യം സമ്മാനിച്ച് അഞ്ജലിയെ പാളി നോക്കി ധ്രുവൻ ചിരിച്ചു. ആ ചിരിയിൽ പങ്കുചേർന്ന് അഞ്ജലി. ''ആലോചന വന്നപ്പോൾ തന്നെ സിനിമതാരമാണെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. ഷൂട്ടിംഗിന്റെ കാര്യങ്ങളും അതിന്റെ തിരക്കും വീട്ടിൽ വരുന്നത് എപ്പോഴായിരിക്കുമെന്നും അറിയില്ലായിരന്നു. ഇപ്പോൾ അറിയാൻ തുടങ്ങി.കല്യാണ പ്രായമായി എന്നു ഒാർമ്മപ്പെടുത്തി വീട്ടുകാർ എന്നെ നിർബന്ധിക്കുന്നുണ്ടായിരുന്നു.വിവാഹത്തിന് സമയമായി എന്ന് എനിക്കും തോന്നി. ശ്യാംധർ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്ന നവാഗത സംവിധായകരുടെ സിനിമയിലാണ് ഇനി അഭിനയിക്കുന്നത്. അടുത്ത ആഴ്ച ചിത്രീകരണം ആരംഭിക്കും. അതിനാൽ ഹണിമൂൺ യാത്ര ഉണ്ടാവില്ല.'' പുറത്ത് ഉച്ചവെയിൽ തിളച്ചു മറിയുന്നു. ധ്രുവന്റെ ഒരുപിടി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. അടി എന്ന സിനിമയായിരിക്കും ആദ്യ റിലീസ്. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരോടൊപ്പം തുല്യ പ്രാധ്യാനമുള്ള വേഷം. നിർമ്മാണം ദുൽഖർ സൽമാൻ. ഖജുരാഹോ ഡ്രീംസാണ് അടുത്ത ചിത്രം.അർജുൻ അശോകനും ശ്രീനാഥ് ഭാസിയും ഒപ്പം ക്വീനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് ചിത്രം ജനഗണമനയിൽ ശ്രദ്ധേയ കഥാപാത്രം. നാൻസി റാണിയിൽ ചെറിയ വേഷം. ഇതുവരെ എത്താൻ കഴിഞ്ഞല്ലോ എന്ന ഭാവത്തിൽ ധ്രുവൻ വീണ്ടും നിറഞ്ഞു ചിരിച്ചു.അച്ഛൻ ഗോപാലകൃഷ്ണനും അമ്മ രാധയും ചേട്ടൻ നന്ദനും കുടുംബവും ചേരുന്നതാണ്

മൂവായിരത്തിലധികം ഒാഡിഷൻ

നാട്ടിൻപുറത്തുകാരനാണ് ഞാൻ. ആഗ്രഹം കാരണമാണ് സിനിമയിലേക്ക് വരുന്നത്. ഒാഡിഷൻ മാത്രമാണ് സിനിമയിലേക്ക് എത്താൻ അറിയാവുന്ന ഏക വഴി. ക്വീൻ സിനിമയുടെ ഭാഗമാവാൻ പത്തുവർഷം വേണ്ടി വന്നു. മൂവായിരത്തിലധികം ഒാഡിഷനിൽ പങ്കെടുത്തു. പത്തുവർഷത്തെ യാത്രയിൽ മടുപ്പ് തോന്നിയെങ്കിലും ആഗ്രഹം സിനിമയായതിനാൽ വിട്ടുപോവാൻ കഴിയാതെ ഒരു ഒാഡിഷനിൽനിന്ന് അടുത്തതിലേക്ക് പോയികൊണ്ടിരുന്നു. ആഗ്രഹിച്ചിടത്ത് തന്നെ വരാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. കൊച്ചിയിലും ബംഗ്ളുരുവിലും എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്തു.കുട്ടിക്കാലം മുതൽ ചെണ്ടമേളം പഠിക്കുന്നുണ്ട്. അമ്മാവൻമാരാണ് മേള പ്രമാണിമാരായ മട്ടന്നൂർ ശങ്കരൻകുട്ടിയും കോട്ടയ്ക്കൽ ശശിയും . സിനിമയുടെ തിരക്ക് കാരണം സാധകം കമ്മി ആയാണ്. അതിനാൽ മേളത്തിന് മുൻപത്തെപോലെ പോവാൻ കഴിയുന്നില്ല. ഇത്തവണ ചിനക്കത്തൂര് പൂരത്തിന് വിളിച്ചെങ്കിലും പോവാൻ കഴിഞ്ഞില്ല.

അജിത് സാർ എന്നോടാണ് സംസാരിച്ചത്

ക്വീൻ കണ്ടാണ് തമിഴിൽനിന്ന് വിളിക്കുന്നത്. ലോക് ഡൗൺ സമയമായതിനാൽ വീഡിയോ കാളിൽ ഒാഡിഷൻ. എച്ച്. വിനോദ് സാറാണ് സംവിധായകനെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഞാൻ വിനോദ് സാറിന്റെ സിനിമകളുടെ ആരാധകനാണ്. അജിത് സാറാണ് നായകൻ എന്നറിഞ്ഞപ്പോൾ ഇരട്ടി മധുരം. വലിമൈ പോലെ വലിയ ഒരു സിനിമയിൽ ഇതിന് മുൻപ് അഭിനയിച്ചിട്ടില്ല.35 ബൈക്ക്, കാർ, ബസ്. പൊരിഞ്ഞ ആക്ഷൻ രംഗങ്ങൾ. ഹോട്ടലിൽവച്ചാണ് അജിത് സാറിനെ ആദ്യമായി കാണുന്നത്. ബഹുമാനവും ആരാധനയും കൊണ്ട് ഞാൻ സംസാരിക്കാതെ നോക്കിനിന്നു. അജിത് സാറിനോട് ഞാനല്ല, സാർ എന്നോടാണ് സംസാരിച്ചത്. പേര് പറഞ്ഞപ്പോൾ ലൊക്കേഷനിൽ കാണാമെന്ന് അജിത് സാർ .ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ് അജിത് സാർ. വലിയ സൂപ്പർ താരം എന്ന ഭാവമില്ല. എല്ലാവരോടും അടുത്തിടപെഴകുന്നു. കുട്ടിക്കാലം മുതൽ തമിഴ് സിനിമകൾ കാണുമായിരുന്നു. കോയമ്പത്തൂർ ശങ്കര കോളേജിലാണ് ബി.എസ്‌സി പഠനം.അതിനാൽ തമിഴ് സംസാരിക്കാൻ അറിയാം. അത്യാവശ്യം വായിക്കാനും. അവിടെ ധാരാളം തമിഴ് സുഹൃത്തുക്കളുണ്ടായിരുന്നു. തമിഴ് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു. വലിയ സിനിമകൾ ആഗ്രഹിച്ചാലും ലഭിക്കുന്നത് ചെറുതായിരിക്കും. അതേപോലെയായിരിക്കും തമിഴിലും ലഭിക്കുക എന്ന് കരുതി. എന്നാൽ വന്നത് സ്വപ്ന സിനിമ. അടുത്ത തമിഴ് സിനിമ വൈകാതെ ഉണ്ടാവും. റിലീസിന് ഒരുങ്ങുന്ന സിനിമകൾ വലിയ പ്രതീക്ഷ തരുന്നുണ്ട്.