
നാഗർകോവിൽ: കേന്ദ്ര - സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഒപ്പുകളോടുകൂടിയ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചുനൽകിയ ഡി.ടി.പി സെന്റർ ഉടമ പിടിയിൽ. കരിങ്കൽ ആപ്പിക്കാട് നടുക്കാട്ടുവിള സ്വദേശി മകനാണ് പ്രഭുവാണ് (34) പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ,
തോലയാവട്ടത്തുള്ള കിള്ളിയൂർ താലൂക്ക് ഓഫീസിന് സമീപമാണ് പ്രഭു കമ്പ്യൂട്ടർ സെന്റർ നടത്തിയിരുന്നത്. സംഭവ ദിവസം രാവിലെ കീഴ്ക്കുളം ബി. റവന്യൂ വില്ലേജ് ഓഫീസിലെത്തിയ വിഴുന്തയപാലം സ്വദേശി സ്വന്തം സ്ഥലം സബ് ഡിവിഷൻ ചെയ്യാൻ വില്ലേജ് ഓഫീസർ രജിന് പരാതി നൽകിയിരുന്നു. അതിന്റെ രേഖകൾ പരിശോധിച്ചപ്പോൾ വില്ലേജ് ഓഫീസറുടെ ഒപ്പ് വ്യാജമെന്ന് കണ്ടെത്തിയത്.
വീടിന്റെ പട്ടയം ആരാണ് പോക്കുവരവ് ചെയ്‌തുതന്നതെന്ന് ചോദിച്ചപ്പോൾ പ്രഭുവാണെന്ന് മനസിലായി. തുടർന്ന് വില്ലേജ് ഓഫീസർ രജിൻ പ്രഭുവിന്റെ കടയിൽ നടത്തിയ പരിശോധനയിൽ നൂറിലേറെ വ്യാജ റബർ സ്റ്റാമ്പുകൾ കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കരിങ്കൽ പൊലീസ് പ്രഭുവിനെ അറസ്റ്റുചെയ്‌ത് ചോദ്യം ചെയ്‌തപ്പോഴാണ് ഒന്നരവർഷമായി തട്ടിപ്പ് നടത്തുകയാണെന്ന് മനസിലായത്.
ബാങ്ക് ലോൺ, വിദ്യാഭ്യാസ ലോൺ എന്നിവയ്‌ക്കാവശ്യമായിട്ടുള്ള സർട്ടിഫിക്കറ്റുകൾ പണം വാങ്ങി വ്യാജമായി നിർമ്മിച്ച് ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ച് നൽകി ആവശ്യക്കാരിൽ നിന്ന് പണം തട്ടുന്നതാണ് രീതി. പ്രതിയുടെ കൈയിൽ നിന്ന് ഇന്ത്യൻ എംബസിയുടെ റബർ സ്റ്റാമ്പുകളും കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്‌തു.