നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ ഇന്നലെ നടന്ന ബഡ്‌ജറ്റ് യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചു. വികസന പദ്ധതികളിൽ നിന്ന് പഞ്ചായത്ത് ഭരണസമിതി എൽ.ഡി.എഫ് വാർ‌‌ഡുകളെ അവഗണിക്കുന്നതായും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റികളിൽ നിന്നും സ‌ർക്കാർ പരിപാടികളിലും വിവിധ വികസന പദ്ധതി മീറ്റിംഗുകളിൽ നിന്നും ഭരണസമിതി വിട്ടുനിൽക്കുകയാണെന്നും ആരോപിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ ബഡ്‌ജറ്റ് യോഗം ബഹിഷ്‌കരിച്ചത്. സർക്കാ‌ർ നടപ്പിലാക്കാൻ നിർദ്ദേശിക്കുന്ന പദ്ധതികളോട് പിന്തിരിപ്പൻ നയമാണ് നിലവിലെ പഞ്ചായത്ത് സമിതിക്കുള്ളതെന്ന് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ അതിയന്നൂ‌ർ വി. രാജേന്ദ്രൻ പ്രസ്താവിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻ കൊടങ്ങാവിള വിജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർപേഴ്സൺ സുധാമണി, പഞ്ചായത്ത് അംഗങ്ങളായ ബീന, അജിത, ശ്രീകല എന്നിവർ പങ്കെടുത്തു.