നെടുമങ്ങാട് :ജില്ലാ ആശുപത്രിയുടെ നവീകരണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് എം.എൽ.എയും മന്ത്രിയുമായ ജി.ആർ.അനിലിന്റെ സാന്നിദ്ധ്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ആശുപത്രി സമഗ്രവികസനത്തിന് തീരുമാനമായി.നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒ.പി ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കാഷ്വാലിറ്റി വിഭാഗം പുനക്രമീകരിച്ച് ട്രോമാ കെയർ സംവിധാനംകൂടി നടപ്പിലാക്കാനും മെഡിക്കൽ ഓഫീസറുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനമായി.നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് ഐസൊലേഷൻ വാർഡും ഓക്സിജന്‍ പ്ലാന്റും നിർമ്മിക്കും.കാലപ്പഴക്കം ചെയ്ത പഴയ കെട്ടിടം പൊളിച്ച് മാറ്റി ആരോഗ്യ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അത്യാധുനിക സംവിധാനത്തോടു കൂടിയ ബഹു നിലകെട്ടിടം നിർമ്മിക്കുന്നതിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കാന്‍ 15 ലക്ഷം രൂപ അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് നിർമ്മിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർമാരായ ഡോ. വി.ആർ രാജു., അസി.ഡയറക്ടർ, ഡോ.ജഗദീശൻ, ഡോ. വീണ, ഡി.പി.എം (എൻ.എച്ച്.എം) ഡോ. ആശ, ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.