തിരുവനന്തപുരം: വർക്കലയിൽ പച്ചക്കറി വ്യാപാരി പ്രതാപനും കുടുംബവും വീടിന് തീപിടിച്ചുമരിച്ച സംഭവത്തിൽ തീപിടിത്തത്തിന്റെ തുടക്കം എവിടെയെന്ന് കണ്ടെത്താൻ പൊലീസും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഈ ആഴ്ച സംയുക്ത പരിശോധന നടത്തും.
ചൊവ്വാഴ്ച ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ചീഫ് എൻജിനിയറും സംഘവും അപകടമുണ്ടായ രാഹുൽനിവാസിൽ പരിശോധനയ്‌ക്കെത്തുന്നുണ്ട്. അന്നോ പൊലീസിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് മറ്റൊരു ദിവസമോ പരിശോധന നടത്താനാണ് ആലോചിക്കുന്നത്. അപകടമുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും തീപിടിത്തതിന്റെ തുടക്കമെവിടെയാണെന്ന് കണ്ടെത്താൻ പൊലീസിനും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർക്കും കൃത്യമായി കഴിയാത്ത സാഹചര്യത്തിലാണിത്. വീടിന്റെ മുൻവശത്തെ കാർപോർച്ചിൽ നിന്നോ ഹാളിൽ നിന്നോ തീ വ്യാപിച്ചതായാണ് നിഗമനം.
അയൽവീട്ടിലെ കാമറയിൽ നിന്ന് തീ പിടിക്കുന്ന ദൃശ്യം ലഭിച്ചെങ്കിലും ഇത് ഹാളിൽ നിന്നാണോ പോർച്ചിൽ നിന്നാണോയെന്ന് ഉറപ്പാക്കാനായില്ല. ഒരാഴ്ച മുമ്പ് രാത്രിയിൽ വിളക്കുതെളിച്ച് അയൽവീട്ടിലെ കാമറവഴി പൊലീസ് നിരീക്ഷണം നടത്തിയെങ്കിലും വ്യക്തത ലഭിച്ചില്ല. തീപിടിത്തത്തിൽ രാഹുൽ നിവാസിലെ സിസി ടിവി കാമറയും ഹാർഡ് ഡിസ്‌കും കത്തിപ്പോയതും വിനയായി. ഫോറൻസിക് ലാബിലെ പരിശോധനയിൽ ഹാർഡ് ഡിസ്‌കിൽ നിന്ന് ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വിശദ പരിശോധനയ്‌ക്കായി ഹാർഡ് ഡിസ്‌ക് കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിന് കൈമാറിയിട്ടുണ്ട്. ഇവരുടെ പരിശോധനയിൽ ഉറവിടം വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
തീപിടിത്തത്തിൽ പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നിഹുലിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. റൂമിലേക്ക് മാറ്റിയ നിഹുലിന് സന്ദർശകരുമായി കൂടിക്കാഴ്ചയ്ക്ക് ഡോക്ടർമാർ അനുമതി നൽകി. ദ്രവ രൂപത്തിലുള്ള ആഹാരവും കഴിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ ബന്ധുക്കളോ ഡോക്ടർമാരോ നിഹുലിനോട് ഭാര്യയും മകനുമുൾപ്പെടെ കുടുംബാംഗങ്ങൾക്കുണ്ടായ ദുരന്തത്തെപ്പറ്റിയൊന്നും പറഞ്ഞിട്ടില്ല. അപകടത്തിൽ പരിക്കേറ്റ എല്ലാവരും വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് അറിയിച്ചിട്ടുള്ളത്. നെഞ്ചിലും മുഖത്തും തോളിലുമാണ് നിഹുലിന് പൊള്ളലേറ്റത്. പൊള്ളലിന് പുറമേ പുക ശ്വസിച്ചതാണ് നിഹുലിന്റെ ആരോഗ്യനില ഗുരുതരമാക്കിയത്.