 വിളപ്പിൽശാല മിനി ടൗൺഷിപ്പ്,​ എല്ലാ വീട്ടിലും കുടിവെള്ള കണക്ഷൻ

തിരുവനന്തപുരം: വിളപ്പിൽശാല മിനി ടൗൺഷിപ്പ്,​ എല്ലാ വീട്ടിലും വാട്ടർ കണക്ഷൻ തുടങ്ങിയ ബൃഹദ് പദ്ധതികളുമായി നഗരസഭാ ബഡ്‌ജറ്റ് ഒരുങ്ങുന്നു. 23ന് രാവിലെ 10.30ന് ഡെപ്യൂട്ടി മേയറും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. രാജു പ്രഖ്യാപിക്കുന്ന ഭരണസമിതിയുടെ രണ്ടാമത്തെ ബഡ്‌ജറ്റിൽ മികവുറ്റ പദ്ധതികളാണ് നഗരവാസികൾ പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും കഴിഞ്ഞ തവണകളിലെ പ്രഖ്യാപിത പദ്ധതികളിൽ പലതും നടപ്പാക്കിയില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. 1500 കോടി രൂപയുടെ ബഡ്ജറ്റാണ് പ്രഖ്യാപിക്കുന്നത്. സദ്ഭരണം ബഡ്‌ജറ്റിലെ പ്രധാന പദ്ധതിയാണ്. ഇ- ഗവേൺസ് പദ്ധതി നടപ്പാക്കാനും പ്രത്യേകം തുക അനുവദിക്കുന്നുണ്ട്. മെട്രോ നഗരത്തിലേക്ക് ചുവട് വയ്ക്കുന്ന നഗരത്തിന്റെ ആവശ്യകതകളോട് ഏറെ ക്രിയാത്മകമായി പ്രതികരിച്ചു കൊണ്ടുള്ള നൂതനമായ ആശയങ്ങൾ ആവിഷ്‌ക്കരിച്ച ബഡ്‌ജറ്റായിരിക്കും ഇത്തവണത്തേതെന്ന പ്രതീക്ഷയിലാണ് തലസ്ഥാനം.

 പ്രധാന പദ്ധതികൾ

 വിളപ്പിൽശാല മിനി ടൗൺഷിപ്പ് - 400 കോടിയിൽ 42 ഏക്കറിൽ മിനി ടൗൺഷിപ്പ്. നഗരവനം, അപ്പാർട്ട്‌മെന്റ്, കൺവെൻഷൻ സെന്റർ, റസിഡൻഷ്യൽ ട്രെയിനിംഗ് സെന്റർ, വെയർ ഹൗസ്‌ തുടങ്ങിവ ഉൾപ്പെടുന്നതാണ് മിനി ടൗൺഷിപ്പ്

 ഗ്രാമവണ്ടി - കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് നഗരത്തിലെ എല്ലായിടത്തും ബസ് എത്തുന്നതിന് ഗ്രാമവണ്ടി പദ്ധതി

 എല്ലായിടത്തും കുടിവെള്ളം- മൂന്നു വർഷം കൊണ്ട് നഗരത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ.

 സോളാർ സിറ്റി- നഗരത്തിലെ വൈദ്യുതി ഉപയോഗം കൂടുതലും സോളാർ വഴിയാക്കാനുള്ള പദ്ധതി.

സിറ്റി ഒഫ് പീസ്- കിലെ മുന്നോട്ടുവച്ച ആശയം. ലോകസമാധാനത്തിന് സംസ്ഥാന ബഡ്‌ജറ്റിൽ ഉൾക്കൊള്ളിച്ചപോലെ സമാധാന നഗരത്തിന് വേണ്ടിയുള്ള പദ്ധതി

 ലൈഫ് പദ്ധതി- ലൈഫ് പദ്ധതി കൂടുതൽ പൂർത്തീകരിക്കാൻ തുക അനുവദിക്കും

 റോഡ്- കോർപ്പറേഷൻ റോഡുകളുടെ അറ്റകുറ്റപ്പണികൾ. പുതിയ റോഡുകൾ.

 മാലിന്യ സംസ്‌കരണം- ഹരിതകർമ്മ സേനകളുടെ നേതൃത്വത്തിൽ മാലിന്യം വീടുകളിൽ സംസ്കരിക്കാനുള്ള പദ്ധതി

 കിച്ചൺബിൻ വാങ്ങുന്നത്- പുതിയ 25,​000 കിച്ചൺ ബിൻ വാങ്ങുന്നതിന് പദ്ധതി

 സ്മാർട്ട് സിറ്റി- നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതികൾക്ക് നഗരസഭാ വിഹിതം

 അമൃത് പദ്ധതി- കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃതിന് നഗരസഭാ വിഹിതം

 കുന്നുകുഴി അറവുശാല- വർഷങ്ങളായി ബഡ്ജറ്റിൽ തുക അനുവദിക്കുന്ന അറവുശാലയ്ക്ക് ഇത്തവണയും തുക വകയിരുത്തുന്നുണ്ട്.