
ആര്യനാട്: ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസനത്തിന് 10 സെന്റ് സ്ഥലം കൂടി ലഭ്യമായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ആര്യനാട് പഞ്ചായത്തിന്റെയും ഫണ്ട് വിനിയോഗിച്ചാണ് ആശുപത്രിയോട് ചേർന്ന് കിടന്ന വസ്തു വാങ്ങിയത്. ഇതോടെ 38 സെന്റിൽ സ്ഥലപരിമിതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് വികസനം നടത്താൻ കൂടുതൽ സ്ഥലം കൂടിയായി.
2010–15 കാലഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയുടെ വികസനത്തിനായി ആനന്ദേശ്വരത്ത് 25 സെന്റും പഞ്ചായത്ത് ആശുപത്രിയോട് ചേർന്ന് അഞ്ച് സെന്റും വാങ്ങിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മുൻപ് വാങ്ങിയ വസ്തു ആശുപത്രിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ്. അതിനാൽ രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കാൻ ഈ വസ്തുവിൽ കഴിയുമായിരുന്നില്ല. ഇതിനെ തുടർന്നാണ് സ്ഥലപരിമിതികളിൽ വീർപ്പുമുട്ടുന്ന ആശുപത്രിക്ക് സമീപത്തുതന്നെ ഇപ്പോൾ 10 സെന്റ് കൂടി വാങ്ങിയത്.
തുക റെഡി
ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപയും ആര്യനാട് പഞ്ചായത്ത് 20 ലക്ഷം രൂപയുമാണ് സ്ഥലം വാങ്ങാനായി വകയിരുത്തിയത്. പുതിയതായി വാങ്ങിയ വസ്തുവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഒരു ബഹുനിലമന്ദിരം പണിയാനാണ് ശ്രമിക്കേണ്ടത്. ആനന്ദേശ്വരത്തെ വസ്തുവിൽ ആശുപത്രി ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമിക്കുന്നതിനും കഴിയും. ഇതിനും ഫണ്ട് കണ്ടെത്തണം.