തിരുവനന്തപുരം: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറുകളിൽ നേതാക്കൾ പങ്കെടുക്കരുതെന്ന് നിർദ്ദേശിച്ച കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ബി.ജെ.പിക്കൊപ്പം ചേർന്ന് കെ - റെയിൽ വിരുദ്ധസമരം നടത്താൻ മടിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. എസ്.ഡി.പി.ഐയുടെ പരിപാടിക്ക് പോകാനോ ജമാഅത്തെ ഇസ്ലാമിയുമായി യോജിച്ച് പോകാനോ കോൺഗ്രസിന് തടസമില്ല. കോൺഗ്രസിന്റെ ഈ സമീപനം ആരെ സഹായിക്കാനാണെന്നും കോടിയേരി ചോദിച്ചു.

ഇ.എം.എസ് ദിനാചരണത്തോടനുബന്ധിച്ച് പാളയത്തെ സ്‌മൃതികുടീരത്തിൽ പു‌ഷ്‌പാർച്ചനയ്ക്ക് ശേഷം അനുസ്‌മരണപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടി സർക്കാരിന്റെ ഹൈസ്‌പീഡ് റെയിൽ കൊറിഡോർ ആശയത്തെ അന്ന് പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫ് എതിർത്തിട്ടില്ല. പക്ഷേ അവർക്ക് ഒന്നും ചെയ്യാനാകാതെ പോയ പദ്ധതി എൽ.ഡി.എഫ് നടപ്പാക്കുമ്പോൾ തടസപ്പെടുത്തുന്നത് ശരിയാണോയെന്ന് ജനങ്ങൾ ചിന്തിക്കണം. തെറ്റിദ്ധാരണ പരത്തി സംഘർഷമുണ്ടാക്കി കേരളത്തെ കലാപഭൂമിയാക്കാനാണ് കോൺഗ്രസും ബി.ജെ.പിയും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും ശ്രമിക്കുന്നത്. എന്നാൽ ജനങ്ങളെ അണിനിരത്തി കെ - റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ ഉദ്ദേശ്യം. പല കാര്യത്തിലും എതിർപ്പുണ്ടാകും. എതിർപ്പുള്ളതിനാൽ പദ്ധതി മാറ്റിവയ്‌ക്കാനാവില്ല. വസ്‌തുതയുണ്ടോയെന്ന് സർക്കാർ പരിശോധിച്ചപ്പോൾ ഇവയെല്ലാം എതിർപ്പിന് വേണ്ടിയുള്ള എതിർപ്പാണെന്നാണ് മനസിലായത്. കോൺഗ്രസുകാർ കുറച്ച് കല്ല് വാരിക്കൊണ്ടുപോയാൽ പദ്ധതിയെ തടയാനാവില്ലെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, വൈക്കം വിശ്വൻ, എ. വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.