തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് പഠനം ഉപേക്ഷിച്ച് ചൈനയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തി.

വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം നൽകുക, വിദ്യാർത്ഥികൾക്ക് മടങ്ങിപ്പോകാനുള്ള സൗകര്യമൊരുക്കുക,​ വിദേശ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും രജിസ്‌ട്രേഷനുമുള്ള തടസങ്ങൾ നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ് പേരന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. അഞ്ഞൂറോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. അസോസിയേഷൻ ഭാരവാഹികളായ ആൻഡ്രൂസ് മാത്യു, ഡോ. ഹുസൈൻ കൂരിമണ്ണിൽ, സുരേഷ് പനയട തുടങ്ങിയവർ സംസാരിച്ചു.