തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ മെത്രാപ്പൊലീത്തയുടെ അഭിഷേക ചടങ്ങുകൾക്ക് സാക്ഷിയാകാൻ ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ തടിച്ചുകൂടിയത് ആയിരങ്ങൾ. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൈകിട്ട് 4.45ന് കുരിശടിയിൽ നിന്ന് വേദിയിലേക്കു പ്രദക്ഷിണമായി മെത്രാന്മാർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ എത്തിച്ചേർന്ന ശേഷം സമൂഹ ദിവ്യബലിയോടെയാണ് കർമങ്ങൾക്ക് തുടക്കമായത്.
കടുത്ത ചൂടിനെയും അവഗണിച്ച് ഉച്ചമുതൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ചെറുവെട്ടുകാട്ടേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. തിരുവനന്തപുരം രൂപതയെ അതിരൂപതയായും ഡോ.എം. സൂസപാക്യത്തെ ആർച്ച് ബിഷപ്പായും ഉയർത്തിയ ചടങ്ങിനു വേദിയായതും ചെറുവെട്ടുകാടായിരുന്നു. ചടങ്ങുകൾ ആരംഭിച്ചതോടെ ഇരുമിഴികളുമടച്ച് പൂഴിമണ്ണിൽ മുട്ടുകുത്തി അവർ നവ ഇടയനായി പ്രാർത്ഥനയിൽ മുഴുകി. പുതിയ ആർച്ച് ബിഷപ്പിന് അണിയാനുള്ള സ്ഥാനചിഹ്നങ്ങളും വസ്ത്രങ്ങളും റോമിൽ നിന്നാണെത്തിച്ചത്.
റോമിലെ സുവിശേഷ പ്രഘോഷണസംഘം (പ്രൊപഗന്ത) എന്ന സഭയാണ് അംശവടിയും മോതിരവും അംശമുടിയും (തൊപ്പി) മാലയും തയ്യാറാക്കി നൽകിയത്. തിരുവനന്തപുരം രൂപത സ്ഥാപിതമായ ശേഷമുള്ള അഞ്ചാമത്തെ ഇടയൻ, അതിരൂപതയായി ഉയർത്തിയ ശേഷമുള്ള രണ്ടാമത്തെ ആർച്ച്ബിഷപ്, സൗമ്യനും മിതഭാഷിയുമായ പുതിയ ഇടയനെ വിശ്വാസിസമൂഹം പ്രതീക്ഷയോടെയാണ് വരവേറ്റത്. വിവിധ രൂപതകളിലെ മെത്രാന്മാരും വൈദികരും സന്യസ്‌തരും ആത്മീയരുമടക്കം പതിനായിരങ്ങൾ മെത്രാഭിഷേക ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തി. മണിക്കൂറുകൾ നീണ്ട ചടങ്ങുകൾക്ക് നാട്ടുകാർക്കൊപ്പം എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, എം. വിൻസെന്റ്, മുൻ എം.എൽ.എ കെ.എസ്. ശബരിനാഥൻ എന്നിവരും സാക്ഷികളായി. ശംഖുംമുഖം - വെട്ടുകാട് റോഡിൽ ഉച്ചമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയുടെ ആപ്തവാക്യം
" കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വതന്ത്ര്യവും" (ലൂക്കാ 4:18) " സുവിശേഷം പ്രഘോഷിക്കുവാൻ സ്നേഹത്തിലും സേവനത്തിലും ഒരുമിച്ചുള്ള യാത്ര"
അടയാളങ്ങളും അർത്ഥവും
ഇടയശുശ്രൂഷയുടെ ആപ്തവാക്യവും 'ലിഖിതങ്ങളും തന്റെ ശക്തിയാൽ നമ്മെ നയിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രതിരൂപമായ പ്രാവും നാം ആഘോഷിക്കുകയും ജീവിക്കുകയും ചെയ്യേണ്ട ദൈവ വചനത്തെ " വിശുദ്ധഗ്രന്ഥവും ശുശ്രുഷകളുടെ ഉറവിടവും ലക്ഷ്യവും മാർഗവുമായ ക്രൂശിതനും ഉത്ഥിതനുമായ യേശുക്രിസ്തുവിനെ കുരിശും തിരുസഭയെ വഞ്ചയും സഭാജീവിതം ദൈവവചനത്തിന്റെ ഒരുമിച്ചുള്ള യാത്രയാണെന്നും അതിൽ എല്ലാവർക്കും പ്രാധാന്യവും പങ്കാളിത്തവുമുണ്ടെന്ന് നിഴൽ രൂപങ്ങളും സൂചിപ്പിക്കുന്നു.