jebi

തിരുവനന്തപുരം: പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പല അവസരങ്ങൾ ലഭിച്ചവരെ മാറ്റി നിറുത്തി പുതിയ മുഖങ്ങളെ നിർദ്ദേശിക്കാൻ ഹൈക്കമാൻഡ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോട് ഡൽഹിയിൽ വച്ച് നിർദ്ദേശിച്ചതാണ്, രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന കോൺഗ്രസിൽ വഴിത്തിരിവായത്. അതുവരെ ചർച്ചകളിലുയർന്നു വരാത്ത പേരുകളിലൊന്നായി ജെബി മേത്തർ ചർച്ചകളിലേക്കെത്തിയത് അങ്ങനെയാണ്. ഡൽഹിയിൽ നിന്ന് വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ സുധാകരൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡൽഹി നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ പേരുകളിലേക്ക് ചർച്ച നീങ്ങിയത്.

നേരത്തേ മുതൽ പരിഗണിച്ച പല പേരുകളും ഇരുവരുടെയും കൂടിക്കാഴ്ചകളിൽ ചർച്ചയായി. വനിത, യുവത്വം, ഇതേവരെ മത്സരിക്കാത്തത്, ന്യൂനപക്ഷ സമുദായാംഗം എന്നീ പരിഗണനകൾ ജെബിയുടെ സ്വീകാര്യത ഉയർത്തി. ഇതോടെയാണ് ജെബിയുടെ പേരിന് മുൻതൂക്കം കൊടുത്തുള്ള പാനൽ ഹൈക്കമാൻഡിന് സമർപ്പിക്കാൻ ധാരണയായത്. ജെബിയുടെ പേര് ഹൈക്കമാൻഡ് പ്രഖ്യാപിച്ച ശേഷം സംസ്ഥാന കോൺഗ്രസിൽ അസ്വാരസ്യങ്ങൾ കാര്യമായി ഉയരാതിരുന്നത് ആ പേരിന് പൊതുസ്വീകാര്യതയുണ്ടെന്നതിന് തെളിവായാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. എ, ഐ ഗ്രൂപ്പുകളും സീറ്റ് പ്രതീക്ഷിച്ച് നിന്നവരുമെല്ലാം ഹൈക്കമാൻഡ് തീരുമാനത്തോട് പൊതുവിൽ യോജിക്കുകയാണുണ്ടായത്. ഇതാദ്യമായി ഒരു മുസ്ലിം വനിതയെ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്കെത്തിക്കാനായത് നേട്ടമാകുമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ട്.

ഷാനിമോൾ ഉസ്മാൻ, എം. ലിജു, സതീശൻ പാച്ചേനി, വി.ടി. ബൽറാം എന്നിങ്ങനെ യുവനിരയിലുള്ളവരും കെ.വി. തോമസ്, എം.എം. ഹസൻ എന്നിങ്ങനെ മുതിർന്ന നേതാക്കളമെല്ലാം ആഗ്രഹിച്ച രാജ്യസഭാ സീറ്റാണ് ജെബി മേത്തർക്ക് ലഭിച്ചത്. വനിതകളെ പാർട്ടി തഴയുന്നുവെന്ന ആക്ഷേപം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ ശക്തമായി ഉയർന്ന പശ്ചാത്തലത്തിലും ജെബിയുടെ സ്ഥാനലബ്ധി ശ്രദ്ധിക്കപ്പെടുകയാണ്. സീറ്റ് നിഷേധത്തിന്റെ പേരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കെ.പി.സി.സി ആസ്ഥാനത്ത് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന ലതിക സുഭാഷ് നടത്തിയ തലമുണ്ഡനം വൻ കോളിളക്കമുണ്ടാക്കിയതാണ്. ഈ സംഭവം തിരഞ്ഞെടുപ്പിന്റെ മൂർദ്ധന്യാവസ്ഥയിൽ കോൺഗ്രസിന് ക്ഷീണവുമായി. ലതികയുടെ പിൻഗാമിയായി മഹിളാ കോൺഗ്രസ് അദ്ധ്യക്ഷപദവിയിലെത്തിയ ആളാണ് ജെബിയെന്നതും യാദൃശ്ചികമായി.

മുതിർന്ന നേതാവ് എ.കെ. ആന്റണി ഒഴിയുന്ന സീറ്റിലേക്കാണ് ജെബി അദ്ദേഹത്തിന്റെ പിൻഗാമിയായി രാജ്യസഭയിലേക്ക് പോകുന്നത്. ആന്റണിയുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെ അംഗവുമാണ് ജെബി മേത്തർ. എ പക്ഷവുമായി നല്ല ബന്ധമുള്ളപ്പോൾ തന്നെ പുതിയ നേതൃത്വത്തോടും ജെബിക്ക് അകൽച്ചയില്ല. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷപദവിക്ക് പുറമേ രാജ്യസഭാസീറ്റും ലഭിച്ചതിൽ അതും ഒരു ഘടകമായിട്ടുണ്ട്.