
പാറശാല: പാറശാലയിൽ വീണ്ടും ഗുണ്ടാ ആക്രമണം തുടരുന്നതായി നാട്ടുകാരുടെ പരാതി. പാറശാല റെയിൽവേയുടെ റെയിൽനീർ കുടിവെള്ള പദ്ധതിക്ക് സമീപമുള്ള സ്വകാര്യ വസ്തുവിൽ ഉടമ സുകുമാരൻ നിർമ്മിച്ചിരുന്ന മതിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഗുണ്ടകൾ ചേർന്ന് തകർത്തു. ഗുണ്ടാ നേതാവ് അടുത്തിടെ വാങ്ങിയ വസ്തുവിൽ പ്രമാണത്തിൽ പറയുന്നതിന് പുറമെ കൂടുതലായി അടുത്ത വസ്തു ഉടമയുടെ പുരയിടത്തിൽ ഉണ്ടെന്ന അവകാശവാദത്തെ തുടർന്നാണ് ആക്രമണം. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ റവന്യൂ അധികൃതരെയും വസ്തു ഉടമയുടെ മകളെയും ഗുണ്ടകൾ ചേർന്ന് ആക്രമിച്ചതിനെതിരെ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഈ കേസിൽ അന്വേഷണ കമ്മിഷൻ എത്താനിരിക്കെയാണ് മതിൽ തകർത്തത്. മതിലിൽ സ്ഥാപിച്ചിരുന്ന ഗേറ്റും ഗുണ്ടകളുടെ നേതൃത്വത്തിൽ ഓട്ടോയിൽ കയറ്റി കൊണ്ടുപോയതിന് പൊലീസിന് തെളിവികൾ ലഭിച്ചിട്ടുണ്ട്. മതിൽ പൊളിച്ചതിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതി ഒളിവിലാണ്.