തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിച്ച രണ്ടു യുവാക്കളെ ചെറിയതുറയിൽ വച്ച് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്ത കേസിൽ നാലുപ്രതികൾ പിടിയിലായി. കാട്ടാക്കട സ്വദേശികളായ കോട്ടൂർ വ്ളാവട്ടി നെല്ലിക്കുന്ന് കോളനിയിൽ കണ്ണൻ എന്ന് അറിയപ്പെടുന്ന വൈശാഖൻ (23), മണ്ണൂർക്കര കുന്നത്തുകുഴി വീട്ടിൽ ബോണ്ട അനൂപ് എന്ന അനൂപ് (23), കീഴാറ്റൂരിൽ വിജിൻ (22), പൊട്ടൻകാവ് സ്വദേശി സിദ്ദിഖ് (26) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റുചെയ്തത്. ബോണ്ട അനൂപും പേട്ട സ്വദേശികളായ ആദിത്യൻ, ആദർശ് എന്നിവരുമായുള്ള തർക്കത്തെ തുടർന്നാണ് പ്രതികൾ ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ ആദിത്യനെയും ആദർശിനെയും പ്രതികൾ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് മാരകായുധം കാട്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന യുവാക്കളുടെ സുഹൃത്തായ നിഥിൻ വലിയതുറ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. അറസ്റ്റിലായവർ നെയ്യാർഡാം പൊലീസിന് നേരെ ആക്രമണം നടത്തി പൊലീസ് ജീപ്പ് തകർത്ത കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. കേസിൽ പിടിയിലാകാനുള്ള രണ്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ശംഖുംമുഖം എ.സി.പി ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. വലിയതുറ ഇൻസ്പെക്ടർ പ്രകാശ്, പേട്ട ഇൻസ്പെക്ടർ റിയാസ് രാജ, പൂന്തുറ ഇൻസ്പെക്ടർ സജി കുമാർ, എസ്.ഐമാരായ വിമൽ സുധീഷ്, എ.സി.സി.പി.ഒ മനു, സി.പി.ഒമാരായ അരുൺരാജ്, ഷിബി, അനീഷ്, വിനോദ്, ജയകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവർക്കെതിരെ കാപ്പ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.