1

തിരുവനന്തപുരം: സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കുന്ന കാലം, പ്രശസ്‌ത കഥകളി കലാകാരനായ മാങ്കുളം വിഷ്ണു നമ്പൂതിരി അദ്ദേഹത്തെ കാണാനെത്തി. കഥകളി കൊണ്ട് ജീവിതം മുന്നോട്ടുപോകുന്നില്ലെന്നും കിട്ടുന്ന വരുമാനം കുടുംബത്തിന്റെ പട്ടിണി മാറ്റാൻ തികയുന്നില്ലെന്നും സങ്കടം അറിയിച്ചു. ആലപ്പുഴയിൽ കീരിക്കാട്ട് തന്റെ കീഴിലുള്ള കളരി തിരുവനന്തപുരത്ത് കഥകളി സംരംഭം തുടങ്ങാൻ പോകുന്നവർക്ക് നൽകി തന്നെ രക്ഷിക്കണമെന്നും പറഞ്ഞു. അദ്ദേഹം ഈ വിവരം അന്നത്തെ ചീഫ് എൻജിനിയർ കൂടിയായ ഡി. അപ്പുക്കുട്ടൻ നായരെ അറിയിച്ചു.

അപ്പുക്കുട്ടൻ നായർ മാർഗി എന്ന സംരംഭം രജിസ്റ്റർ ചെയ്‌തിരിക്കുമ്പോഴാണ് സംഭവം. മാങ്കുളം വിഷ്ണു നമ്പൂതിരിയിൽ നിന്ന് കളരിയും ആടയാഭരണം ഉൾപ്പെടെയുള്ളവയും പണം കൊടുത്ത് വാങ്ങി. അടുത്ത വർഷം മുതൽ മാർഗിയിൽ കഥകളി കളരി തുടങ്ങുകയും ചെയ്‌തു. മാങ്കുളം വിഷ്‌ണു നമ്പൂതിരി മാർഗിയിലെ അദ്ധ്യാപകനുമായി. ഇന്ന് കൂത്ത്, കൂടിയാട്ടം, കഥകളി കലാരൂപങ്ങൾക്ക് അറിവ് പകരുന്ന മാർഗി കനകജൂബിലി നിറവിലാണ്.

കേരളത്തിന്റെ തനത് കലാരൂപങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1970ൽ കഥകളി ആസ്വാദകനായ ഡി. അപ്പുക്കുട്ടൻ നായർ, ഡോ.ടി.എൻ.എൻ. ഭട്ടതിരിപ്പാട്, കെ.വി. കൊച്ചനിയൻ തുടങ്ങിയവർ ചേർന്ന് രൂപീകരിച്ച കലാകേന്ദ്രമാണ് മാർഗി. 1971ൽ രജിസ്റ്റർ ചെയ്‌തെങ്കിലും മാർഗിയിൽ കഥകളി കളരി ആരംഭിച്ചത് 1974ഓടെയാണ്. 1981ൽ കൂടിയാട്ടം കളരി ആരംഭിച്ചു. അമ്പത് വർഷം പിന്നിടുന്ന മാർഗിയിൽ ഇപ്പോഴും ഗുരുകുല അദ്ധ്യാപന രീതിയാണ് പിന്തുടരുന്നത്. കൊവിഡ് കാരണം നീട്ടിവച്ച ആഘോഷങ്ങൾ ഇക്കുറി നടത്താനാണ് മാർഗി കൂട്ടായ്‌മയുടെ തീരുമാനം.

സാർവത്രികവും ശാശ്വതവുമായ സൗന്ദര്യാത്മക മൂല്യങ്ങൾ പിന്തുടരുക എന്നതാണ് മാർഗി എന്ന സംസ്കൃത പദത്തിനർത്ഥം. മാർഗിയിലെ മികച്ച കലാകാരന്മാരിലൊരാളാണ് മാർഗി വിജയകുമാർ. പതിനഞ്ചാം വയസിൽ മാങ്കുളം വിഷ്ണു നമ്പൂതിരിക്ക് കീഴിൽ പരിശീലനം ആരംഭിച്ച വിജയകുമാറിനെ കൂടുതൽ കാലം കഥകളി പഠിപ്പിച്ചത് കലാമണ്ഡലം കൃഷ്ണൻനായർ ആശാനാണ്. കിഴക്കേക്കോട്ടയിലുള്ള മാർഗി കഥകളിക്കു മാത്രമായുള്ള കേന്ദ്രമാണ്. കൂത്തും കൂടിയാട്ടവും പരിശീലിപ്പിക്കുന്നത് വലിയശാലയിലാണ്.

കൂടിയാട്ടം, നങ്ങ്യാർകൂത്ത് കലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മാർഗി സതി, മാർഗി സജീവ്, മാർഗി മധു എന്നിവരും കഥകളിയിൽ പ്രഗത്ഭരായിത്തീർന്ന മാർഗി​ വിജയകുമാർ, മുരളി, ബാലസുബ്രഹ്മണ്യം, ഇഞ്ചക്കാട്ട് രാമചന്ദ്രൻപിള്ള, സംഗീതജ്ഞരായ വെൺമണി ഹരിദാസ്, കൃഷ്‌ണൻകുട്ടി, ദാമു, നന്ദകുമാർ എന്നിവർ മാർഗിയുടെ യശസ് വാനോളമുയർത്തിയ പ്രതിഭകളാണ്.