തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ടാക്സി ഡ്രൈവറെ ആക്രമിച്ചയാളെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തു. മെഡിക്കൽ കോളേജ് പ്രശാന്ത് നഗർ സ്വദേശി പൈന്റ് ബിനു എന്ന് വിളിക്കുന്ന ബിനുവാണ് (38) അറസ്റ്റിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പണം നൽകാത്തതിലുള്ള വിരോധം മൂലം പ്രതി പലക ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തു നിന്നാണ് ബിനുവിനെ പിടികൂടിയത്. മെഡിക്കൽ കോളേജ് സി.ഐ ഹരിലാൽ, എസ്.ഐ പ്രശാന്ത്, പൊലീസുകാരായ ബിമൽ മിത്ര, രഞ്ജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.