comp

നെയ്യാറ്റിൻകര: നിർമ്മാണം തുടങ്ങി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും നെയ്യാറ്റിൻകര നഗരസഭയുടെ മിനിഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എങ്ങുമെത്തിയില്ല. നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി വ്യാപാരികളടക്കമുള്ളവ‌ർ രംഗത്ത്. തുടർ നി‌ർമ്മാണത്തിന് പദ്ധതി വിഹിതമില്ലാത്തതാണ് നിർമ്മാണം നിലയ്ക്കാൻ കാരണമെന്നാണ് നഗരസഭയുടെ പക്ഷം. നഗരസഭയുടെ നെയ്യാറ്റിൻകര ടൗണിൽ അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തായി 2010ൽ യു.ഡി.എഫ് ഭരണകാലത്താണ് മിനി ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് തുടക്കമിട്ടത്. തുടർന്ന് അധികാരത്തിലെത്തിയ എൽ.ഡി.എഫ് ഭരണകാലത്താണ് 3 കോടി രൂപയുടെ എസ്റ്റിമേറ്റിൽ നാല് നിലകളിലായി കെട്ടിടസമുച്ചയം നിർമ്മിക്കാൻ പദ്ധതി തയ്യാറായത്. 40ഓളം കടമുറികളാണ് കെട്ടിടത്തിലുള്ളത്. പദ്ധതി ആരംഭിച്ചിട്ട് 12 വർഷം പിന്നിട്ടിട്ടും നിർമ്മാണം മാത്രം പൂർത്തിയായില്ല. കെട്ടിടത്തിന്റെ കോൺഗ്രീറ്റ് പണി കഴിഞ്ഞെങ്കിലും കഴിഞ്ഞ 2 വർഷത്തിലധികമായി തുടർ നിർമ്മാണ പ്രവർത്തനങ്ങളൊന്നും പൂർത്തിയാകാതെ അനാഥമായ അവസ്ഥയിലാണ്.

നിർമ്മാണം അവതാളത്തിൽ

പ്ലാൻ അനുസരിച്ചല്ല കെട്ടിടത്തിന്റെ നിർമ്മാണമെന്ന നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന്റെ കണ്ടെത്തലും കൊവിഡ് പ്രതിസന്ധികളുമാണ് നിർമ്മാണം പാതിവഴിയിൽ നിലച്ചതെന്നാണ് ആരോപണം. പിന്നീട് പുതിയ പ്ലാൻ പ്രകാരം പദ്ധതി തുടരാൻ തീരുമാനിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം നിർമ്മാണം മുടങ്ങുകയായിരുന്നു.

ബസ് സ്റ്റാൻഡിന് എതിർവശത്തായി നിർമ്മിക്കുന്ന ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിപ്പോൾ വൃത്തിഹീനമായ അവസ്ഥയിലാണ്. സമാന്തര വാഹന പാ‌ർക്കിംഗും അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രധാന കവാടവും ഈ കെട്ടിടസമുച്ചയത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവിടം ഇപ്പോൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായിരിക്കുകയാണ്. കെട്ടിട നിർമ്മാണത്തിലെ അപാകതകൾ നീക്കി നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.