
തിരുവനന്തപുരം: പൊലീസ് ജീപ്പിൽ നിന്നും ചാടിയ യുവാവ് മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് (32) മരിച്ചത്. ബുധനാഴ്‌ച രാത്രി 10 ഓടെയായിരുന്നു സംഭവം. സനോഫറിനെ പൊലീസ് മർദ്ദിച്ചെന്നും മർദ്ദനം ഭയന്നാണ് ചാടിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ, സനോഫറിനെ കസ്റ്റഡിയിലെടുത്തിട്ടില്ലായിരുന്നുവെന്ന് പൂന്തുറ പൊലീസ് വ്യക്തമാക്കി.
സനോഫറിനെ പൊലീസ് മർദ്ദിച്ചെന്നും മുഖത്ത് പരിക്കുണ്ടെന്നും ഭയന്നായിരിക്കും ജീപ്പിൽ നിന്ന് ചാടിയതെന്നും ഭാര്യ തസ്ലിമ പറയുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ സിറ്രി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാറിന് പരാതി നൽകി.
നാല് ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. എട്ടു വയസുകാരി ഫിയാനയും അഞ്ച് വയസുകാരി അൽഅമീനുമാണ് മക്കൾ.
പൊലീസ് പറയുന്നത്
വീട്ടിൽ നിരന്തരം മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സനോഫറിനെതിരെ ഭാര്യ തസ്ലീമയാണ് ബുധനാഴ്‌ച രാവിലെ പരാതിയുമായി പൂന്തുറ സ്റ്റേഷനിലെത്തിയത്. പിന്നാലെ സനോഫറിനെ പൊലീസ് വിളിച്ചുവരുത്തി. അയൽപ്പക്കത്തെ വീട്ടിലെ ജനാലയടക്കം അടിച്ചുതകർത്ത ഇയാളുടെ കൈകളിലടക്കം മുറിവുണ്ടായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നു. പിന്നീട്,കുമരിചന്തയിലെത്തിയ സനോഫർ പ്രദേശവാസികളുമായി പ്രശ്‌നമുണ്ടാക്കുകയും റോഡിൽ കിടക്കുകയും ചെയ്‌തു. ഇതിനുപിന്നാലെ പൊലീസ് സ്ഥലത്തെത്തി ഓട്ടോറിക്ഷയിൽ ഫോർട്ട് ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയി.
ഭാര്യവീട്ടുകാർ ആശുപത്രിയിൽ എത്തിയെങ്കിലും സനോഫറിനെ ഏറ്റെടുത്തില്ല. പൊലീസ് പൂന്തുറ മസാലതെരുവിലെ ഭാര്യവീട്ടിൽ സനോഫറിനെ എത്തിച്ചുവെങ്കിലും അകത്തേയ്‌ക്ക് കടത്താതെ വീട്ടുകാർ ഗേറ്റ് അടച്ചെന്നും കേസെടുക്കണമെന്ന് തസ്ലീമയുടെ സഹോദരൻ ബിലാൽ ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു. ഇതേതുടർന്ന് കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിന് വൈദ്യപരിശോധനയ്‌ക്ക് കൊണ്ടു പോകുന്നതിനിടെയാണ് സംഭവം നടന്നത്.സംഭവത്തിന് കോർപ്പറേഷൻ ജീവനക്കാരനായ രാഹുൽ ദൃക്സാക്ഷിയാണ്. ജീപ്പിന് പിന്നിലായി ബൈക്കിൽ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഹുൽ.