
നാഗർകോവിൽ: ആരുവാമൊഴിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യ്തു. ആവർക്കുളം, സൗത്ര ലിംഗപുരം സ്വദേശി സുരേഷ് (40) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ആരുവാമൊഴിയിൽ പുകയില ഉൽപ്പന്നങ്ങൾ കച്ചവടത്തിന് കൊണ്ടുവരുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാവിലെ ആരുവാമൊഴി ചെക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിലെത്തിയ സുരേഷിനെ പിടിക്കൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം കാട്ടി കൊടുക്കുകയായിരുന്നു. വള്ളിയൂർ ആർ.ടി.ഒ ഓഫീസിന് സമീപമുള്ള ഗോഡൗണിൽനിന്ന് 120 കിലോയും, തൊട്ടടുത്തുള്ള കോഴി പണ്ണയിൽ നിന്ന് 235 കിലോയും പിടിച്ചെടുത്തു.പ്രതിയുടെ കൈവശം നിന്ന് 1,05,500 രൂപയും ഒരു ബൈക്കും പൊലീസ് പിടിച്ചെടുത്തു. ആരുവാമൊഴി പൊലീസിന് കൈമാറിയ പ്രതിയെ റിമാൻഡ് ചെയ്തു.