drug-trafficking

തിരുവനന്തപുരം: വിദേശത്തുനിന്ന് കൊറിയർ വഴി മാരക മയക്കുമരുന്നുകൾ എത്തിച്ച് തിരുവനന്തപുരത്ത് ആറുമാസമായി വില്പന നടത്തിയിരുന്നെന്നും ലക്ഷങ്ങളുടെ ഇടപാട് ഇതിലൂടെ നടന്നുവെന്നും എക്സൈസ് കണ്ടെത്തൽ. കഴക്കൂട്ടത്തെ ഫ്ളാറ്റിൽ നിന്ന് കഴിഞ്ഞദിവസം എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുമായി പിടിയിലായ കുളത്തൂർ കല്ലിംഗൽ ഹരിനിവാസിൽ അരുൺ ദാസിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഡോക്ടർമാരും എൻജിനിയർമാരുമുൾപ്പെടെ ഉന്നതരുമായി ലഹരി ഇടപാട് നടത്തിയിരുന്നെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി വെട്ടുറോഡ് സ്വദേശി ഉടൻ പിടിയിലാകുമെന്ന് അസി. എക്സൈസ് കമ്മിഷണർ പറഞ്ഞു. ഇയാളെ പിടികൂടുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

കൊറിയറിൽ കൊച്ചിയിലെ പാഴ്സൽ സ്ഥാപനത്തിലാണ് മയക്കുമരുന്ന് എത്തിയിരുന്നത്. മയക്കുമരുന്ന് ഓൺലൈനിലൂടെ ബുക്ക് ചെയ്ത് വാങ്ങുന്നതിനുൾപ്പെടെ പണം മുടക്കിയിരുന്നത് വെട്ടുറോഡ് സ്വദേശിയാണ്. ഗൂഗിൾ പേ വഴിയായിരുന്നു ഇടപാട്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ അരുൺദാസിന് മയക്കുമരുന്ന് വിതരണമായിരുന്നു മുഖ്യചുമതല. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന സുഹൃത്ത് വാടകയ്ക്കെടുത്ത ഫ്ലാറ്റിലായിരുന്നു ഇടപാട്. ഫ്ളാറ്റിലെ ഒരു മുറിയിലെ താമസക്കാരായിരുന്നു പ്രതികൾ. സുഹൃത്ത് ജോലിക്ക് പോകുമ്പോൾ മാത്രമാണ് ഇടപാട് നടത്തിയിരുന്നതിനാൽ അയാൾ ഇക്കാര്യം അറിഞ്ഞിരുന്നില്ല.

മയക്കുമരുന്ന് കേസിൽ നേരത്തെ കൊച്ചിയിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി ഫൈസൽ, തിരുവനന്തപുരം പേയാട് സ്വദേശി ശിവ വിക്രമാദിത്യൻ എന്നിവരുമായും ഇവർക്ക് ബന്ധമുണ്ടെന്നും എക്സൈസ് കണ്ടെത്തി. ഇവരിൽ നിന്നും പ്രതികൾ മയക്കുമരുന്ന് വാങ്ങിയിരുന്നു.