
കിളിമാനൂർ: വനം വകുപ്പിന് മാതൃകയായി ഇളമ്പറക്കോട് വനദീപ്തി പ്ലാന്റേഷൻ. വന ഭൂമിയിലുണ്ടായിരുന്ന ഇരുപത് ഹെക്ടർ അക്കേഷിയ, മാഞ്ചിയം പ്ലാന്റേഷനുകളെ പൂർണ്ണമായും ഒഴിവാക്കി ഇവിടെ ഫലവൃക്ഷങ്ങളും വന വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് സ്വാഭാവിക വനം ആക്കിയിരിക്കുകയാണ് വനം വകുപ്പ്. 2011 വരെ ഇവിടെ മാഞ്ചിയവും അക്കേഷ്യയും മാത്രമാണ് ഉണ്ടായിരുന്നത്. 2013-ൽ സോഷ്യൽ ഫോറസ്ട്രിയുടെ സഹായത്തോടെ ഈ വൃക്ഷങ്ങളെ ഒഴിവാക്കി 48 ഇനത്തിൽപ്പെട്ട വ്യത്യസ്ത ഫലവൃക്ഷങ്ങളും വന വൃക്ഷങ്ങളും നട്ടു പിടിപ്പിക്കുകയും അഞ്ച് വർഷം തുടർച്ചയായി പരിചരണ പ്രവർത്തനങ്ങളിലൂടെ ഇവിടം സ്വാഭാവിക വനം ആക്കി മാറ്റാനും കഴിഞ്ഞു.
തിരുവനന്തപുരം ഡിവിഷനിൽ പാലോട് റേഞ്ചിൽ ഭരതന്നൂർ സെക്ഷൻ പരിധയിൽ 171 ഹെക്ടർ വനഭൂമിയിലായാണ് 20 ഹെക്ടറിൽ ഇളമ്പറക്കോട് വന ദീപ്തി പ്ലാന്റേഷൻ. ഉരുൾപ്പാറ എന്ന് തദ്ദേശിയർ വിളിക്കുന്ന സമുദ്ര നിരപ്പിൽ നിന്ന് 200 അടി ഉയരെയുള്ള ഒരു പാറയ്ക്ക് ചുറ്റുമായാണ് ഈ വനം സ്ഥിതിചെയ്യുന്നത്. ഈ വനത്തിനു ചുറ്റും ജനവാസ മലമേഖലയുമാണ്.
ഒട്ടുമിക്ക വന്യമൃഗങ്ങളും ഇവിടെ ഉണ്ടങ്കിലും പന്നി ഒഴിച്ച് കുരങ്ങോ മറ്റ് മൃഗങ്ങളോ ജനവാസ മേഖലയിലേക്ക് ഇറങ്ങാറില്ല. അക്കേഷ്യ പ്ലാന്റേഷൻ ആയിരുന്നപ്പോൾ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും വെള്ളവും ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ അതിനും പരിഹാരമായിരിക്കുകയാണ്. പ്ലാന്റേഷനിലെ വൃക്ഷങ്ങളെക്കുറിച്ചറിയാനും വനം വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചറിയാനും ട്രക്കിംഗും ഒരുക്കിയിട്ടുണ്ട്.