
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ജനകീയ നീർച്ചാൽ ശുചീകരണ യജ്ഞമായ 'ഇനി ഞാനൊഴുകട്ടെ' മൂന്നാംഘട്ടത്തിന് ലോക ജലദിനമായ നാളെ തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. വെമ്പായം കൈരളി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ നവകേരളം കർമ്മപദ്ധതി കോ- ഓർഡിനേറ്റർ ഡോ. ടി.എൻ.സീമ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും.
മാണിക്കൽ പഞ്ചായത്തിൽ പുഴയൊഴുകും മാണിക്കൽ എന്ന പേരിൽ നടപ്പാക്കുന്ന പുഴ വീണ്ടെടുക്കൽ പ്രവർത്തനത്തിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. ഇതു സംബന്ധിച്ച സമഗ്ര പദ്ധതിരേഖ ഡി.കെ.മുരളി എം.എൽ.എ പ്രകാശനം ചെയ്യും. മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാകുമാരി രേഖ ഏറ്റുവാങ്ങും. സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ മുഖ്യപ്രഭാഷണം നടത്തും. മാണിക്കൽ ടൂറിസം പദ്ധതികളുടെ പ്രഖ്യാപനം ജില്ലാ കളക്ടർ നവജ്യോത് ഖോസ നിർവഹിക്കും. ജി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും.
സംസ്ഥാനത്ത് പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഇനി ഞാനൊഴുകട്ടെ- പ്രചരണ പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങളിലായി 412 കി.മീ ദൈർഘ്യം പുഴകളും 45,736 കി.മീ. ദൈർഘ്യം വരുന്ന തോടുകളും നീർച്ചാലുകളും വീണ്ടെടുക്കാനായി. മൂന്നാം ഘട്ടത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളിലെ ജലശൃംഖലകൾ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യമെന്ന് ഡോ. ടി.എൻ.സീമ പറഞ്ഞു.