
ബാലരാമപുരം: ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ട്രിവാൻഡ്രം സ്പിന്നിംഗ് മില്ലിൽ നടപ്പാക്കി വരുന്ന സംയോജിത ജൈവ പച്ചക്കറിത്തോട്ടം സന്ദർശിക്കാൻ ഹിമാചൽ പ്രദേശിലെ സിംലയിൽ നിന്ന് സഹകാരികളെത്തി. സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം വഴി നടപ്പിലാക്കുന്ന സംയോജിത കൃഷിരീതിയിൽ ഏറെ മുന്നിലാണ് ബാലരാമപുരം ബാങ്കിന്റെ ജൈവപച്ചക്കറിത്തോട്ടവും പശുഫാമും. അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സിംലയിൽ നിന്നുള്ള 17 പേരടങ്ങുന്ന സഹകാരി സംഘമാണ് ട്രിവാൻഡ്രം സ്പിന്നിംഗ് മില്ലിലെ സംയോജിത ജൈവപച്ചക്കറി തോട്ടം സന്ദർശിക്കാനെത്തിയത്. നാലുവർഷമായി ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് സ്പിന്നിംഗ് മില്ലിൽ നടപ്പിലാക്കിവരുന്ന സംയോജിത കൃഷി രീതിയെക്കുറിച്ച് സംഘം വിശദമായി ചോദിച്ച് മനസിലാക്കി പാഠങ്ങൾ ഉൾക്കൊള്ളുകയായിരുന്നു. ഹിമാചൽപ്രദേശിലെ അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രോഗ്രാം കോ- ഓർഡിനേറ്റർ ശിവാനി ശർമ്മയുടെ നേതൃത്വത്തിലാണ് സംഘം സംയോജിത ജൈവ പച്ചക്കറി തോട്ടം സന്ദർശിച്ചത്. ബാങ്ക് സെക്രട്ടറി ജാഫർ ഖാൻ, പദ്ധതിയിലെ സൂപ്പർവൈസർമാരായ ശ്രീക്കുട്ടി, നിതിൻ രാജ് എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.