karim

തിരുവനന്തപുരം: തൊഴിലാളികളുടെയും കർഷകരുടെയും വഴിമുട്ടിക്കുന്ന നയങ്ങളാണ് ബി.ജെ.പി സർക്കാർ കൈക്കൊള്ളുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പറഞ്ഞു. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) 43ാമത് സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തൊഴിലെടുത്ത് ജീവിക്കുന്ന 58 കോടിയിൽ 4.5 കോടി പേർക്ക് മാത്രമാണ് സ്ഥിരവരുമാനം ലഭിക്കുന്നത്. ദാരിദ്ര്യം മൂലം രാജ്യത്ത് നിന്ന് ജനം കൂട്ടപലായനം നടത്തുകയാണെന്നും മോദി സർക്കാരിൽ ജനം കാണുന്നത് കോർപ്പറേറ്റ് താത്പര്യങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവൻകുട്ടി, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്.സുനിൽകുമാർ, പി.എസ്.മധുസൂദനൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി വി.ശാന്തകുമാർ, ജനറൽ സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ, ട്രഷറർ പി.ഗോപാലകൃഷ്ണൻ, സുനിത കുര്യൻ, സുശീലൻ മണവാരി എന്നിവർ പങ്കെടുത്തു.