santhosh

അരുവിക്കര: പ്രമേഹ രോഗം ബാധിച്ച് കാൽമുറിച്ച നിർദ്ധന യുവാവ് ചികിത്സാ സഹായം തേടുന്നു. അരുവിക്കര പഞ്ചായത്തിൽ മൈലം വാർഡിൽ കമുകിൻകുഴി വീട്ടിൽ സന്തോഷ് കുമാറാണ് (41) ഇപ്പോൾ രണ്ടാമത്തെ കാലിലും അസുഖം ബാധിച്ച് ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്നത്.

ഉണക്കമീനും മറ്റ് വസ്തുക്കളും സൈക്കിളിൽ കൊണ്ടുനടന്ന് വിറ്റായിരുന്നു ജീവിച്ചിരുന്നത്. ഇതിനിടയിൽ അനാഥാലയത്തിൽ വളർന്ന പ്രീതിയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇവരുടെ ഏകമകൾ ദേവിക പ്ലസ്ടു വിദ്യാർത്ഥിയാണ്.

സന്തോഷ് കിടപ്പുരോഗിയായതോടെ സുഹൃത്തുക്കളും പ്രദേശവാസികളും ബന്ധുക്കളും നൽകുന്ന ചെറിയ സഹായത്താലാണിപ്പോൾ കുടുംബം കഴിയുന്നത്.

കുടുംബ ഷെയറായി കിട്ടിയ നാല് സെന്റ് പുരയിടത്തിൽ വീട് വയ്ക്കാൻ പേരൂർക്കട സഹകരണ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ ലോൺ എടുത്ത് വീട് വച്ചു. അരുവിക്കര ഫാർമേഴ്സ് ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ ചിട്ടി കെട്ടിയെങ്കിലും അസുഖം പിടിപെട്ടതോടെ അതും അടയ്ക്കാൻ കഴിയാതെ ലാപ്സായി പോയി. ചികിത്സയും സാമ്പത്തിക ബാദ്ധ്യതയും കാരണം ബാങ്ക്ലോൺ മുടങ്ങി. ഇപ്പോൾ വീട്, ജപ്തി ഭീഷണിയിലാണ്.

അടുത്ത കാലും മുറിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇയാളുടെ ദുരവസ്ഥ മനസിലാക്കി നാട്ടുകാർ ചേർന്ന് ചികിത്സാ സഹായഫണ്ട് സ്വരൂപിക്കുന്നതിനായി അരുവിക്കര ഗ്രാമീൺ ബാങ്കിൽ ഒരു അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40695101002333. IFSCകോഡ്: KLGB0040695.