
തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) ദേശീയ ഘടകം ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ ലയിച്ചതോടെ എൽ.ജെ.ഡി സംസ്ഥാന ഘടകം അസ്തിത്വ പ്രതിസന്ധിയിലായി. ഇതോടെ ഇടതുമുന്നണിയിലെ രണ്ട് ജനതാദൾ ഗ്രൂപ്പുകളിലും ലയന ചർച്ച വീണ്ടും സജീവമായി. ജനതാദൾ-എസും ലോക് താന്ത്രിക് ജനതാദളും ഒറ്റക്കക്ഷിയായി നിൽക്കുന്നതാണ് അഭികാമ്യമെന്ന് എൽ.ജെ.ഡി ഇടതുമുന്നണിയിൽ തിരിച്ചെത്തിയപ്പോൾ മുതൽ സി.പി.എം നിർദ്ദേശിക്കുന്നുണ്ടെങ്കിലും ലയന നീക്കങ്ങൾ എങ്ങുമെത്തിയില്ല. പുതിയ സാഹചര്യത്തിൽ, ആർ.ജെ.ഡി കേരള ഘടകമായി തുടരാൻ എൽ.ജെ.ഡി സംസ്ഥാന ഘടകത്തിലെ വലിയ വിഭാഗത്തിനും താത്പര്യക്കുറവുണ്ട്. അതിനാൽ സംസ്ഥാനത്തെ ഇരു ദൾ ഗ്രൂപ്പുകളും ലയിച്ച് ഇടതുമുന്നണിയിൽ വിലപേശൽ ശേഷി കൂട്ടണമെന്ന നിലപാടാണ് ആ വിഭാഗത്തിന്.
ആർ.ജെ.ഡിയിൽ ലയിച്ച എൽ.ജെ.ഡി അഖിലേന്ത്യാ നേതൃത്വം 24ന് കേരള നേതൃത്വവുമായി ഡൽഹിയിൽ ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാകും സംസ്ഥാനത്ത് ലയന ചർച്ച മുന്നോട്ടു പോവുകയെന്നാണ് സൂചന. ആർ.ജെ.ഡിയുടെ കേരള ഘടകമായി തുടരാനാണ് ചർച്ചയിൽ ധാരണയാവുന്നതെങ്കിൽ സംസ്ഥാന ഘടകത്തിലെ വലിയൊരു വിഭാഗം അതിനോട് യോജിക്കാനിടയില്ല. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും വിയോജിച്ചേക്കും.
എൽ.ജെ.ഡിക്ക് രണ്ടാം പിണറായി മന്ത്രിസഭയിൽ പ്രാതിനിദ്ധ്യം ലഭിക്കാതിരുന്നതും ഇപ്പോൾ ഒഴിവു വന്ന രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതും നേതൃത്വത്തിന്റെ കഴിവുകേടായാണ് പാർട്ടിയിൽ പലരും കാണുന്നത്. പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറിയായിരുന്ന ഷേയ്ക് പി. ഹാരിസിന്റെ നേതൃത്വത്തിൽ നേരത്തേ ഒരു വിഭാഗം സി.പി.എമ്മിൽ ചേക്കേറിയിരുന്നു. 24ന്റെ ഡൽഹി ചർച്ചയ്ക്കുശേഷം എൽ.ജെ.ഡി നേതൃയോഗം വിളിച്ചാവും സംസ്ഥാന ഘടകത്തിന്റെ നിലപാട് തീരുമാനിക്കുക. പാർട്ടി നിലപാട് സംസ്ഥാന സമിതി ചേർന്നിട്ടേ തീരൂമാനിക്കൂവെന്ന് എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ കേരളകൗമുദിയോട് പറഞ്ഞു. ജനതാദൾ-എസ് നേതൃത്വം ലയനചർച്ചയ്ക്ക് നേരത്തേ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.