
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ ഇടയൻ ഡോ. തോമസ് ജെ. നെറ്റോയ്ക്ക് ആവേശകരമായ അനുമോദനമാണ് സഭാംഗങ്ങളും തലസ്ഥാന നഗരിയും ഒരുക്കിയത്. അനുമോദന യോഗം നടന്ന പാളയം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ നിരവധിപ്പേരെത്തി.
ഇന്നലെ വൈകിട്ട് 4.30നാണ് ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും അതിന് വളരെ മുമ്പുതന്നെ ഓഡിറ്റോറിയം നിറഞ്ഞു.
തീരദേശ ജനതയുടെ എല്ലാ ആവശ്യങ്ങൾക്കും കേന്ദ്രസർക്കാർ ഒപ്പമുണ്ടാകുമെന്ന് അനുമോദന പ്രസംഗത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആഫ്രിക്കൻ ദ്വീപിൽ കുടുങ്ങിയിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് വേണ്ട ഇടപെടൽ നടത്തുന്നുണ്ട്. ഈ ആഴ്ച ശുഭവാർത്ത കേൾക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീരദേശ ജനതയെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരികയെന്ന വലിയ ദൗത്യമാണ് പുതിയ ആർച്ച് ബിഷപ്പിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ട തീരദേശ ജനതയുടെ അഭ്യുന്നതിക്കാവണം വലിയ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വവും ദയയും വേണ്ടുവോളം സഭയ്ക്ക് നൽകിയ ഡോ. സൂസപാക്യത്തിന്റെ പിന്തുടർച്ചക്കാരനായിട്ടാണ് പുതിയ മെത്രാപ്പൊലീത്ത വരുന്നതെന്ന് ഡോ.ശശിതരൂർ എം.പി അഭിപ്രായപ്പെട്ടു. മഹത്തായ ഒരു വ്യക്തിയുടെ ചെരുപ്പിലേക്കാണ് പുതിയ മെത്രാപ്പൊലീത്ത കാലുകൾ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കബാവ, കൊല്ലം രൂപതാ മെത്രാൻ ഡോ.പോൾ മുല്ലശ്ശേരി, മന്ത്രി ആന്റണിരാജു, എം. വിൻസെന്റ് എം.എൽ.എ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ചർച്ച് ഒഫ് സൗത്ത് ഇന്ത്യ മോഡറേറ്റർ ധർമ്മരാജ് റസാലം, ഓർത്തഡോക്സ് സഭ തിരുവനന്തപുരം മെത്രാപ്പൊലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യാക്കോബായ സഭ നിരണം മെത്രാപ്പൊലീത്ത ഡോക്ടർ ഗീവർഗീസ് മാർ കുറിലോസ്, മലങ്കര മാർത്തോമ്മാ സഭ തിരുവനന്തപുരം മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർബർണബാസ്, ഡോ. ജോർജ് ഓണക്കൂർ, കെ.ആർ.എൽ.സി.സി സംസ്ഥാന സമിതി അംഗം ആന്റണി ആൽബർട്ട് തുടങ്ങിയവരും സംസാരിച്ചു.