
തിരുവനന്തപുരം: നഷ്ടമായത് ഫാന്റസിയിലൂടെയും കാഴ്ചകളുടെ വൈവിദ്ധ്യങ്ങളിലൂടെയും തിരിച്ചു പിടിക്കാൻ പ്രേരിപ്പിക്കുന്ന രണ്ട് സിനിമകൾ. ഒന്ന് മലയാള ചിത്രം 'ആവാസവ്യൂഹം' മറ്റേത് ബംഗാളി ചിത്രം 'ഭാഗ്'. വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലത്തിലൊരുക്കിയ സിനിമകളിലൂടെ വ്യത്യസ്തമായ കഥ പറച്ചിൽ ശൈലി.
ആവാസവ്യൂഹത്തിലൂടെ പ്രകൃതിയെ എങ്ങനെ മനുഷ്യന്റെ ജീവിതത്തിൽ സന്നിവേശിപ്പിക്കാമെന്ന് വളരെ സർഗാത്മകമായിട്ടാണ് കൃഷാന്ത് വരച്ചു കാട്ടുന്നത്. പുതുവൈപ്പിനിലെത്തുന്ന ജോയ് എന്ന യുവാവിനെ കേന്ദ്രമാക്കിയാണ് പുരോഗമിക്കുന്നതെങ്കിലും പ്രകൃതിയിലെ ജീവജാലങ്ങളെല്ലാം കഥാപാത്രങ്ങളാകുന്നു. രാഹുൽ രാജഗോപാലാണ് നായകനായ ജോയിയെ അവതരിപ്പിക്കുന്നത്.
നഗരവത്കരണത്തിന് ആക്കം കൂട്ടുന്ന സർക്കാർ നടപടികളെ വിമർശിക്കുന്നതോടൊപ്പം നീതിനിഷേധത്തിന്റെ കഥകൂടി ഇന്നലെ പ്രദർശിപ്പിച്ച സൗരിഷ് ദേയുടെ 'ഭാഗ്' പറയുന്നു. കറുപ്പിലും വെളുപ്പിലും വർണ്ണങ്ങൾ ചേർത്തു വച്ച ഫ്രെയിമുകളിലൂടെയും സിമ്പോളിക്കായാണ് കഥ പറഞ്ഞു പോകുന്നത്.
മേളയുടെ മൂന്നാം ദിനമായ ഇന്നലെ മത്സര വിഭാഗത്തിലെ മലയാള ചിത്രമായ 'നിഷിദ്ധോ'യുടെ ആദ്യ പ്രദർശനം കാണാൻ തിരക്കേറെയായിരുന്നു. നവാഗതയായ താര രാമാനുജനാണ് സംവിധായിക.
എംറെ കൈസിന്റെ ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ്, അസർബൈജാൻ ചിത്രം സുഹ്റ ആൻഡ് ഹെർ സൺസ്, കാശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രം ഐ ആം നോട്ട് ദ റിവർ ഝലം (ബേ ചെസ് നെ വേത്), അൻറ്റൊണെറ്റാ കുസിജനോവിച്ച് സംവിധാനം ചെയ്ത മുറിന എന്നീ മത്സര വിഭാഗത്തിലെ ചിത്രങ്ങൾക്കും രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ ഹീറോയും പ്രേക്ഷകരുടെ കൈയടി നേടി.
ലെറ്റ് ഇറ്റ് ബി മോർണിംഗ് ഉൾപ്പെടെ
ഇന്ന് എട്ടു മത്സരചിത്രങ്ങൾ
തിരുവനന്തപുരം: എറാൻ കൊളിരിൻ സംവിധാനം ചെയ്ത ഇസ്രയേൽ ചിത്രം ലെറ്റ് ഇറ്റ് ബി മോർണിംഗിന്റെ ആദ്യ പ്രദർശനം ഉൾപ്പെടെ ഇന്ന് മത്സരവിഭാഗത്തിൽ എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് 12.30ന് ടോഗോറിലാണ് ലെറ്റ് ഇറ്റ് ബി മോർണിംഗ് പ്രദർശിപ്പിക്കുക. ദിന അമീറിന്റെ യു റിസെമ്പിൾ മീയുടെ ആദ്യ പ്രദർശനം ഇന്ന് ഏരീസ് പ്ളക്സിൽ രാത്രി 8.45ന് നടക്കും. വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ (11.30ന് കൈരളിയിൽ), നതാലി അൽവാരെസ് മെസെൻ സംവിധാനം ചെയ്ത സ്വീഡിഷ് ചിത്രം ക്ലാര സോള (വൈകിട്ട് 6ന് കൈരളിയിൽ), കാമില അൻഡിനിയുടെ യുനി (3.15ന് ഏരീസ് പ്ളക്സിൽ),റഷ്യൻ ചിത്രം ക്യാപ്ടൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ് (രാവിലെ 10ന് ടാഗോറിൽ), ക്രോയേഷ്യൻ ചിത്രം മുറിന (ഉച്ചയ്ക്ക് 3.30ന് ടാഗോറിൽ), കമീലിയ കംസ് ഔട്ട് റ്റുനൈറ്റ് (രാവിലെ 9.45ന് ഏരീസ് പ്ളക്സിൽ) എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദർശനവും ഇന്ന് നടക്കും.
ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദർശനം ഇന്ന്
തിരുവനന്തപുരം: ഓസ്കർ നാമനിർദ്ദേശം നേടിയ ജാപ്പനീസ് ചിത്രമായ ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദർശനം ഇന്ന് രാത്രി 8.30ന് നിശാഗന്ധിയിൽ നടക്കും. റ്യൂസുക് ഹമാഗുച്ചിയാണ് സംവിധാനം.
ഒരു സംവിധായകന്റെ സിനിമാ ജീവിതവും ഭാര്യയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. കാൻ പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്.
ഭയപ്പെടുത്താൻ ദി മീഡിയം
ഇന്ന് നിശാഗന്ധിയിൽ
തിരുവനന്തപുരം: തായ്ലൻഡിലെ ഒരു ഗ്രാമീണ കുടുബത്തിൽ ബയാൻ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ കഥ പറയുന്ന തായ് ചിത്രം 'ദി മീഡിയം' രാജ്യാന്തര മേളയിൽ ഇന്ന് രാത്രി 12ന് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.
ഷിവർ ഷിവർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ബൻജോങ്ങാണ്. ബുച്ചിയോൺ അന്താരാഷ്ട്ര ഫെന്റാസ്റ്റിക് ചലച്ചിത്രമേള, മാനിയാറ്റിക് ഫെന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഹൊറർ ആൻഡ് ഫാന്റസി ഫിലിം വീക്ക് എന്നീ മേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെയും മേളയിലെ ഏക പ്രദർശനവുമാണിത്.
കഥയറിഞ്ഞില്ലെങ്കിലും കയ്യടിച്ചേക്കണം!
ഹൊ ആ സിനിമ കണ്ട് കിളി പോയണ്ണാ... സുഹൃത്തിനോട് ഡെലിഗേറ്റ് സിനിമാനുഭവം വിവരിക്കുകയാണ്. ഒരു പക്ഷിയുടെ പേരുള്ള ചിത്രത്തെ കുറിച്ചാണ് വിവരണം. ആ സിനിമയ്ക്ക് സീറ്റ് കിട്ടാതെ തൊട്ടടുത്ത തിയേറ്ററിൽ സിനിമയ്ക്കു പോയ സുഹൃത്താണ് കേൾവിക്കാരൻ. 'നീ രക്ഷപ്പെട്ടളിയാ... ആ സിനിമ കാണാത്തത് നന്നായി'
ഉടനെ സുഹൃത്ത് 'നിന്റെ ഒരു കിളിയല്ലേപോയുള്ളൂ. ഇവിടെ ആ പടം കണ്ട് രണ്ട് കിളിയും പോയിരിക്കുവാ...' സംഭവം ഇത്രേയുള്ളൂ. പക്ഷിപ്പേരുള്ള പടം കണാൻ കഴിയാതെ തൊട്ടടുത്ത തിയേറ്ററിലെ മൃഗപ്പേരിലുള്ള സിനിമകാണാൻ കയറിയതായിരുന്ന രണ്ടാമൻ. സിനിമകളുടെ വ്യംഗ്യാർത്ഥ ചമത്കാരങ്ങളൊന്നും മനസ്സിലാക്കാനോ വ്യാഖ്യാനിക്കാനോ കഴിയാത്ത സാധാരണ ആസ്വാദകരായതുകൊണ്ട് തന്നെ അക്കാര്യം അവരങ്ങ് തുറന്നു പറഞ്ഞുവെന്നു മാത്രം.
സിനിമ കണ്ടിട്ട് അത് മോശം എന്ന് പരസ്യമായി പറഞ്ഞാൽ ബുദ്ധിജീവി ചമയുന്ന ആസ്വാദകൻ കണ്ണുമിഴിച്ചു നോക്കും. അതുകൊണ്ട് പൊട്ടയാണെങ്കിലും സിനിമ തീരുമ്പോളങ്ങ് കൈയടിച്ചേക്കും.
ജല്ലിക്കെട്ടും ചുരുളിയും ഇഷ്ടപ്പെട്ട
സിനിമകൾ: ഷോസോ ഇചിയാമ
തിരുവനന്തപുരം: സമീപകാലത്ത് കണ്ട മികച്ച സിനിമകൾ ചുരുളിയും ജല്ലിക്കെട്ടുമാണെന്ന് വിഖ്യാത നിർമ്മാതാവും ജൂറി അംഗവുമായ ഷോസോ ഇചിയാമ പറഞ്ഞു. ഉള്ളടക്കത്തിലെ വ്യത്യസ്ത കേരള രാജ്യാന്തരമേളയെ ശ്രദ്ധേയമാക്കുന്നുവെന്നും ഐ.എഫ്.എഫ്.കെ മീഡിയാസെല്ലിനനുവദിച്ച ഓൺലൈൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പ്രതികൂല സാ ഹചര്യങ്ങളാൽ മേളയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. സൂം പ്ലാറ്റ് ഫോമിലൂടെയുള്ള വിലയിരുത്തലും പുതിയ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ടോക്കിയോയിലെ പ്രേക്ഷകർക്ക് ഏഷ്യയിലെ സ്വതന്ത്ര സിനിമകൾ പരിചയപ്പെടുത്തിക്കൊടുക്കാൻ തന്റെ നേതൃത്വത്തിൽ ടോക്കിയോ ഫിലിമെക്ക്സ് എന്ന പേരിൽ ആരംഭിച്ച മേള ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഐ.എഫ്.എഫ്.കെ യ്ക്ക് സമാനമാണ് ഒകിനാവയിൽ ഉണ്ടായ അപ്രതീക്ഷിത ചുഴലിക്കാത്തിന്റെ സമയത്താണ് ജേർണ എന്ന സിനിമയുടെ ചിത്രീകരണം നടത്തിയതെന്നും ഷൊസോ ഇചിയാമ പറഞ്ഞു.
മധുമാസ്റ്ററെ അനുസ്മരിച്ച്
ചലച്ചിത്ര മേള
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച നാടക പ്രവർത്തകൻ മധു മാസ്റ്ററെ ചലച്ചിത്രമേളയിൽ അനുസ്മരിച്ചു. കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച മധുമാസ്റ്റർ തികഞ്ഞ മനുഷ്യ സ്നേഹിയും കലർപ്പില്ലാത്ത ജീവിതത്തിന്റെ ഉടമയുമായിരുന്നുവെന്ന് സംവിധായകൻ ടി.വി.ചന്ദ്രൻ പറഞ്ഞു. അക്കാഡമി ചെയർമാൻ രഞ്ജിത്, സംവിധായകൻ പ്രിയനന്ദനൻ, സി.അജോയ് തുടങ്ങിയവർ പങ്കെടുത്തു.