തിരുവനന്തപുരം: സിനിമ കണ്ടൊന്ന് പേടിക്കണമെന്നുള്ളവർ ഇന്ന് അർദ്ധരാത്രി നിശാഗന്ധിയിലെത്തുക.

തായ്ലൻഡിലെ ഒരു ഗ്രാമീണ കുടുംബത്തിൽ ബയാൻ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരവുമായി തായ് ചിത്രം 'ദി മീഡിയം' നിശാഗന്ധിയിൽ രാത്രി 12ന് പ്രദർശിപ്പിക്കും.

ബൻജോങ് ആണ് മനഃശാസ്ത്രപരമായ ദൃശ്യഭാഷയിലൂടെ ഇതിനകം ലോക ശ്രദ്ധ നേടിയ ഹൊറർ ചിത്രത്തിന്റെ സംവിധായകൻ. ബുച്ചിയോൺ അന്താരാഷ്ട്ര ഫൻറ്റാസ്റ്റിക് ചലച്ചിത്രമേള, മാനിയാറ്റിക് ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഹൊറർ ആൻഡ് ഫാന്റസി ഫിലിം വീക്ക് എന്നീ മേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെയും മേളയിലെ ഏക പ്രദർശനവുമാണിത്. ഷിവർ ഷിവർ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.