തിരുവനന്തപുരം: കോട്ടയ്‌ക്കകം ശ്രീ അഭേദാനന്ദാശ്രമ സ്ഥാപകനും നാമപ്രചാരകനുമായിരുന്ന സ്വാമി അഭേദാനന്ദഭാരതിയുടെ 113ാം ജയന്തിദിനം 22ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആറയൂർ ആശ്രമത്തിലും പ്രത്യേക പരിപാടികളുണ്ടായിരിക്കും.
തിരുവനന്തപുരം മഹാമന്ത്രാലയത്തിൽ രാവിലെ 6.30ന് നാമസങ്കീർത്തനത്തോടെ പരിപാടികളാരംഭിക്കും. ഗുരുപൂജ, സഹസ്രനാമം ഗീതാപാരായണം എന്നിവയ്ക്കുശേഷം ഒമ്പതിന് വിവിധ സംഘങ്ങൾ അവതരിപ്പിക്കുന്ന ഭജനമേള അരങ്ങേറും.12ന് ഏറ്റുമാനൂർ സരിത അയ്യർ നടത്തുന്ന ഗുരദേവാനുസ്മരണ പ്രഭാഷണം നടക്കും. 3.30ന് ജയലക്ഷ്മി ശശിധരനും സുധ ഗണേഷും അവതരിപ്പിക്കുന്ന ഗാനസുധ, തിരുവനന്തപുരം നാദശ്രീയുടെയും ജില്ലാ സത്യസായി സേവാ സംഘത്തിന്റെയും ഭക്തിഗാനസുധ എന്നിവയും നടക്കും.
വൈകിട്ട് ഏഴിന് ഗുരുദേവ സംഗീതമേളയും കലാക്ഷേത്രം മണിക്കുട്ടനും സംഘവുമവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും നടക്കും. തിരുവനന്തപുരം അഭേദാശ്രമം ശ്രീ ബാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ രാവിലെ 10ന് കളഭാഭിഷേകവും രാത്രി എട്ടിന് പുഷ്പാഭിഷേകവും നടക്കും. ആറയൂർ ആശ്രമത്തിൽ രാവിലെ 8.30ന് ശ്രീചക്രമേരു അഭിഷേകം, 9.15ന് ഗുരദേവ പൂജയും അനുസ്‌മരണപ്രഭാഷണവും, സംഗീതാരാധന, വൈകിട്ട് ഏഴുമുതൽ നെയ്യാറ്റിൻകര സത്യസായി സേവാസമിതിയുടെ ഭജന എന്നിവ നടക്കും.