തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രകടനമായി എത്തിയ പ്രവർത്തകർ നോർത്ത് ഗേറ്റിൽ ബാരിക്കേഡുകൾ തള്ളിമാറ്റി അകത്ത് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ, ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് കവാടത്തിൽ സിൽവർ ലൈൻ സർവേക്കല്ലിന്റെ മാതൃകകൾ സ്ഥാപിച്ചു.

ഉച്ചയ്ക്ക് ഒന്നേകാലോടെ പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ നടത്തിയ ശ്രമം പൊലീസുമായുള്ള കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. പിന്നീട് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മാർച്ച് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

അതിക്രമം ചെറുക്കുന്നവരെ രാജ്യദ്രോഹികളും വികസനവിരുദ്ധരുമായി മുദ്രകുത്തുകയാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സ്വന്തം പുരയിടത്തിൽ അതിക്രമിച്ചു കയറിയാൽ കുടുംബവും കുട്ടികളുമടക്കം പ്രതിരോധിക്കും. കുഞ്ഞിന്റെ മുന്നിൽ വച്ച് അമ്മയെ വലിച്ചിഴച്ച നടപടിയിൽ ബാലാവകാശ കമ്മിഷൻ ഇടപെടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

രണ്ടു വനിതാ പ്രവർത്തകർ ഉൾപ്പെടെ ബാരിക്കേഡിന് മുകളിൽ കയറിയാണ് സർവേക്കല്ലിന്റെ മാതൃക സ്ഥാപിച്ചത്. അതിലൊന്ന് പൊലീസ് തട്ടി താഴെയിട്ടതോടെ പ്രവർത്തകർ വീണ്ടും തള്ളിക്കയറാൻ ശ്രമിച്ചു. തുടർന്നാണ് കവാടത്തിൽ സർവേക്കല്ലിന്റെ മാതൃകകളും സംഘടനാ പതാകയും സ്ഥാപിച്ചത്.