ആറ്റിങ്ങൽ: 25 വർഷത്തെ വികസനം മുന്നിൽക്കണ്ട് നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയ ആറ്റിങ്ങൽ നഗരസഭാ ബഡ്ജറ്റ് വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള അവതരിപ്പിച്ചു. 46,79,43,100 രൂപ വരവും 3,22,73,000 രൂപ ചെലവും14,52,30,100 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി അദ്ധ്യക്ഷത വഹിച്ചു. ബഡ്ജറ്റ് ചർച്ച ഇന്ന് രാവിലെ 11 ന് നടക്കും.
സ്ത്രീപദവി മെച്ചപ്പെടുത്തുന്നതിന് ഒട്ടേറെ നിർദ്ദേശങ്ങളാണ് ബഡ്ജറ്റിലുള്ളത്. വനിതാ വ്യവസായ കേന്ദ്രം നവീകരിച്ച് വിവിധ സംരംഭങ്ങൾക്ക് അവസരം നൽകാനും, കുടുംബശ്രീ മെഡിക്കൽ സ്റ്റോർ ആരംഭിക്കാനും, കുടുംബശ്രീ പച്ചക്കറിത്തോട്ട നിർമ്മാണത്തിനും, വനിതകൾക്കായി ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കാനും, സി.ഡി.എസിന് സ്വന്തമായി വാഹനം വാങ്ങാനും, കുടുംബശ്രീ മുഖേന വിവിധ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും, കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വാർഡുതല ശേഖരണ വിപണനകേന്ദ്രം ആരംഭിക്കാനും, ഉത്പന്നങ്ങൾ മാവേലി സ്റ്റോർ വഴി വിതരണം ചെയ്യുന്നതിനും, വനിതകൾക്കായി ജാഗ്രതാസമിതി കാര്യക്ഷമമാക്കാനും, വനിതകൾക്ക് കൗൺസലിംഗ് സെന്ററുകൾ ആരംഭിക്കാനും, പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനത്തിനും തുടങ്ങി വനിതകൾക്കായി നിരവധി പദ്ധതികൾക്കാണ് ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിട്ടുള്ളത്.
ബഡ്ജറ്റിലെ മറ്റ് വാഗ്ദാനങ്ങൾ
1 . തരിശു രഹിത നഗരം
2. എല്ലാർക്കും കുടിവെള്ളം
3. ഭക്ഷ്യ സ്വയംപര്യാപതയ്ക്കായി വിവിധ പദ്ധതികൾ
4. മൂല്യ വർദ്ധിത ഉത്പന്നങ്ങൾക്ക് മുൻഗണന
5. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വിവിധ പദ്ധതികൾ
6. വാതിൽപ്പടി സേവനം
7. എസ്.സി വിഭാഗത്തിൽ ഭൂരഹിതരില്ലാത്ത നഗരമാക്കും
8. മാലിന്യ പരിപാലനത്തിൽ ലോക മാതൃകയാക്കാൻ പദ്ധതികൾ നടപ്പാക്കും
9. അഞ്ചു വർഷം കൊണ്ട് പതിനായിരം പേർക്ക് തൊഴിൽ
10. കൊല്ലമ്പുഴ കേന്ദ്രമാക്കി ടൂറിസം പദ്ധതി
11. കുരുവർത്തുകാവിൽ ആറ്റിങ്ങൽ കലാഗ്രാമം സ്ഥാപിക്കും
12. സ്പോർട്സ് കൗൺസിലിന്റെ കീഴിൽ മികവുറ്റ ടീമുകളെ വാർത്തെടുക്കും.
13. കേരളത്തിൽ ആദ്യമായി മനുഷ്യ കേശ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും.
14. സ്വീവേജ് സംവിധാനം കാര്യക്ഷമമാക്കും.
15. നാരലക്കോടി രൂപ ചെലവിട്ട് ആധുനിക സ്ലാട്ടർ ഹൗസ് നിർമ്മിക്കും.
16. മലിനജല ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കും.
17. പട്ടണത്തിലെ കുളങ്ങൾ പുനരുദ്ധരിച്ച് നീന്തൽ പരിശീലന കേന്ദ്രങ്ങളാക്കും.
18. തെരുവു നായ്ക്കളുടെ പരിപാലനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കും.