
ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിൽ മൂന്നു വർഷം മുൻപ് ആരംഭിച്ച അത്യാഹിതവിഭാഗ കെട്ടിട നിർമ്മാണം ഇതുവരെയും പൂർത്തിയാക്കാനാകാത്തതിൽ പ്രതിഷേധം ശക്തം. കെട്ടിടം നിർമ്മിച്ചതല്ലാതെ മറ്റ് യാതൊരു പണികളും ഇവിടെ നടക്കുന്നില്ല. കൊവിഡ് പ്രതിസന്ധികാരണം മാസങ്ങളോളം പണികൾ നിറുത്തിവച്ചിരുന്നു. പണികൾ മുന്നോട്ടുപോകാത്തതിന്റെ പ്രധാനകാരണമായി അധികൃതർ പറയുന്ന ന്യായം ഇതാണ്. പ്രതിസന്ധികൾ നീങ്ങി നിർമ്മാണമേഖല സജീവമായെങ്കിലും ഈ കെട്ടിടത്തിന്റെ പണികൾ ഇപ്പോഴും മന്ദഗതിയിലാണ്. ചെറിയകെട്ടിടത്തിലാണ് ഇപ്പോൾ ഒ.പി.യും അത്യാഹിതവിഭാഗവും പ്രവർത്തിക്കുന്നത്. ദിനംപ്രതി 1500 ലധികം രോഗികൾ ഒ.പി.യിൽ ചികിത്സതേടിയെത്തുന്നുണ്ട്. അത്യാഹിതവിഭാഗത്തിൽ 24 മണിക്കൂറും രോഗികളെത്തുന്നുമുണ്ട്.
പദ്ധതി റെഡി
കിഫ്ബി ഫണ്ടിൽ നിന്നുളള 3.5 കോടി രൂപ ചെലവിട്ടാണ് 5500 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടം പൂർത്തിയായാൽ അത്യാഹിതവിഭാഗത്തിന് പുറമേ ലബോറട്ടറി, എക്സ്‌റേ യൂണിറ്റുകൾ എന്നിവ ഈ കെട്ടിടത്തിലേക്ക് മാറ്റാനാണ് പദ്ധതി. അത്യാഹിതവിഭാഗത്തിന് മുകളിൽ നാല് നിലകളിലായി ഒ.പി.ബ്ലോക്ക് ക്രമീകരിക്കാനാണ് തീരുമാനം. ഇതിന്റെ നിർമ്മാണത്തിനായി ആറ് കോടിരൂപയുടെ പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല.
**നിർമ്മാണം ഇതുവരെയില്ല
ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രധാന സർക്കാരാശുപത്രിയായതിനാൽ ആറ്റിങ്ങൽ മേഖലയിലുണ്ടാകുന്ന അപകടങ്ങളിൽ പരിക്കേല്ക്കുന്നവരെ പെട്ടെന്ന് എത്തിക്കുന്നത് ഇവിടെയാണ്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് അത്യാഹിതവിഭാഗത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക കെട്ടിടം പണിയാൻ പദ്ധതി തയ്യാറാക്കിയത്. ഇതിന് സമീപത്തായി സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ബ്ലോക്കിന്റെ നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ നിർമ്മാണപ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.