
ശിവഗിരി: ശ്രീനാരായണ പ്രസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റി ഗുരുദേവ ഭക്തർക്ക് തിരിച്ചറിവുണ്ടാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലിയും തീർത്ഥാടന നവതിയും ഒരു വർഷക്കാലം ആഘോഷിക്കുന്നതിനു മുന്നോടിയായി കേന്ദ്രതല സ്വാഗതസംഘം രൂപീകരിക്കുന്നതിന് ശിവഗിരിയിൽ ചേർന്ന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവനെ സാമൂഹിക പരിഷ്കർത്താക്കളുടെ ഗണത്തിലുൾപെടുത്തി മറ്റു പലർക്കുമൊപ്പം ഒരാളെന്ന നിലയിൽ അവതരിപ്പിക്കാനുളള ബോധപൂർവമായ ശ്രമം വർദ്ധിച്ചു വരുന്നുണ്ട്. ഗുരുദേവന്റെ ഈശ്വരീയ ഭാവം തിരിച്ചറിയേണ്ടവരെപ്പോലും പിന്തിരിപ്പിക്കുന്ന രീതി വ്യാപകമാകുന്നു. ഇതിനെതിരെ ഗുരുദേവ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ മുഖ്യപ്രഭാഷണം നടത്തി. ബോർഡംഗവും ബ്രഹ്മവിദ്യാലയ ആഘോഷ കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറിയും ശിവഗിരി തീർത്ഥാടന നവതി ആഘോഷകമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ്, ട്രസ്റ്റ് ബോർഡംഗം സ്വാമി ബോധിതീർത്ഥ, ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ തുടങ്ങിയവർ സംസാരിച്ചു. 501അംഗ കമ്മിറ്റിയും രൂപീകരിച്ചു.