
പാലോട്: മോഷണം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട പ്രതികൾ അറസ്റ്റിൽ. പെരിങ്ങമല പറക്കോണത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അക്രമം കാണിച്ചശേഷം ഒളിവിലായിരുന്ന പെരിങ്ങമല പറക്കോണം തടത്തരികത്ത് വീട്ടിൽ അനു എന്ന് വിളിക്കുന്ന സുമേഷ് (20), ജവഹർ കോളനി ബ്ലോക്ക് നമ്പർ15 ൽ അൻസിൽ (21), പെരിങ്ങമ്മല പറക്കോണം രഞ്ജിത് ഭവനിൽ ചാഞ്ചു എന്ന് വിളിക്കുന്ന രതീഷ് (30) എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. പ്രതികളെ പിന്തുടരുന്നതിനിടെ പെരിങ്ങമല കുണ്ടാളൻകുഴി എന്ന സ്ഥലത്തു വച്ച് പാലോട് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
പ്രതികൾ ഒളിവിലായിരുന്ന സമയത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്ന് ഒരു ബുള്ളറ്റ് മോഷ്ടിക്കുകയും, വിവിധയിടങ്ങളിൽ നിന്ന് കടയുടമകളായ സ്ത്രീകളുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കൽ തുടങ്ങിയ വിവിധ കേസുകൾ ഇവർക്കെതിരെയുണ്ട്. പ്രതികൾ മോഷ്ടിച്ച വസ്തുക്കൾ കൂട്ടുകാരനായ നാലാം പ്രതി പെരിങ്ങമ്മല മീരൻപെട്ടിക്കരിക്കകം റിയാസ് മനസിലിൽ റിയാസിന്റെ (26) സഹായത്തോടെ പണയം വച്ചും വിറ്റും കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുകയായിരുന്നു.
ഒരു വെളുത്ത ഇന്നോവ കാറിൽ പ്രതികൾ സഞ്ചരിക്കുന്നതായി വിവരം കിട്ടിയ പാലോട് എസ്.ഐ നിസ്സാറുദീന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിന്തുടരുന്നതിനിടെയാണ് പൊലീസ് ജീപ്പ് മറിഞ്ഞത്.
തുടർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ കൊല്ലം ജില്ലയിലെ കൊട്ടിയത്ത് വച്ച് കൊട്ടിയം പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പാലോട് സി.ഐയും സംഘവും പിടികൂടുകയായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് മോഷണ മുതലുകളും മോഷണത്തിനുപയോഗിച്ച ബൈക്കും കണ്ടെത്തി.
ഒന്നു രണ്ടും പ്രതികൾ നെടുമങ്ങാട്, പാലോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിലെ മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയാണ്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ ഗോപിനാഥിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി സുൾഫിക്കറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസ്സാറുദീൻ, ഗ്രേഡ് എസ്.ഐമാരായ റഹിം, ഉദയകുമാർ, വിനോദ്, ഷിബു കുമാർ, ഗ്രേഡ് എ.എസ്.ഐമാരായ അനിൽകുമാർ, അജി, സജു, എസ്.സി.പി.ഒമാരായ ബിജു, അനീഷ്, സി.പി.ഒമാരായ കിരൺ, രഞ്‌ജീഷ്, സുജുകുമാർ, വിനീത്, റിയാസ്, രഞ്ജുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.