തിരുവനന്തപുരം:മലയാള സാഹിത്യത്തിൽ പകരംവയ്ക്കാനാവാത്ത നാമമാണ് സി.വിയുടേതെന്ന് മന്ത്രി ആന്റണി രാജു. പബ്ലിക് ലൈബ്രറിയിൽ സി.വി. രാമൻപിള്ള നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സി.വിയുടെ ചരമശതാബ്ദി സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വഴുതക്കാട്ടെ സി.വിയുടെ റോസ് കോട്ട് എന്ന വീട്ടിൽ വച്ച് സി.വിയുടെ ദൗഹിത്രി സുശീലാബായി നൽകിയ വിളക്കിൽ നിന്ന് കൗൺസിലർ രാഖി രവികുമാർ കൊളുത്തിയ ദീപശിഖാറാലിയും സി.വിയുടെ മാതൃദേശമായ ആറയൂരിൽ നിന്നെത്തിയ ദീപശിഖാറാലിയും ഒരുമിച്ച് ലൈബ്രറിയിലെത്തിച്ചു. തുടർന്ന് സംഘടിപ്പിച്ച യോഗത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിച്ചു.സി.വി എഴുതിയ മഹത്തായ ചരിത്രാഖ്യായികകളിൽ അന്നത്തെ കാലത്തെ സാധാരണക്കാരുടെ ജീവിതവും വികാരവിചാരങ്ങളും നമുക്ക് വായിച്ചെടുക്കാമെന്നും തന്റെ ചരിത്രാഖ്യായികകളിൽ മാർത്താണ്ഡവർമ്മ തുടങ്ങിയ രാജാക്കന്മാരുടെ ചരിത്രത്തെ അവലംബിക്കുകയായിരുന്നില്ല സി.വി ചെയ്തതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. മലയാള സാഹിത്യത്തിന്റെയും നോവലിന്റെയും ചരിത്രത്തിൽ മഹാപർവ്വതത്തിനോ മഹാസാഗരത്തിനോ സമമായി സി.വി എക്കാലവും നിലനിൽക്കുമെന്ന് ഡോ.പി.കെ.രാജശേഖരൻ പറഞ്ഞു. ചരമശതാബ്ദി സാംസ്‌കാരികോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കാവ്യാർച്ചനയും സി.വി പാരായണവും ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഉദ്ഘാടനം ചെയ്യും.വി.മധുസൂദനൻ നായർ,ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രൊഫ.അലിയാർ, ഡോ. അന്നപൂർണ്ണാ ദേവി എന്നിവർ പങ്കെടുക്കും. സി.വിയുടെ കാലാതീതത്വം എന്ന വിഷയത്തിൽ ഡോ.എം.എൻ കാരശേരി,ചരിത്രവും ചരിത്രാഖ്യായികയും എന്ന വിഷയത്തിൽ പ്രൊഫ.കാർത്തികേയൻ നായർ,സി.വിയിലെ അപരിചിതലോകങ്ങൾ എന്ന വിഷയത്തിൽ ഡോ.കെ.എസ്.രവികുമാർ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.