
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായും ടാക്സിക്ക് 210 ആയും വർദ്ധിപ്പിക്കണമെന്ന്
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സർക്കാരിന് ശുപാർശ സമർപ്പിച്ചു. ഓട്ടോയ്ക്ക് നിലവിൽ ഒന്നര കിലോമീറ്ററിന് 25 രൂപയാണ്. കിലോമീറ്റർ നിരക്ക് 12ൽ നിന്ന് 15 രൂപയാക്കണം. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50 ശതമാനം അധികനിരക്കും രാത്രി നഗരപരിധിയിൽ ഈടാക്കുന്ന 50 ശതമാനം അധിക നിരക്കും നിലനിറുത്തണം. വെയിറ്റിംഗ് ചാർജ് 15 മിനിറ്റിന് 10 രൂപ തുടരാം.
1500 സി.സിയിൽ താഴെയുള്ള ടാക്സി കാറുകൾക്കാണ് മിനിമം ചാർജ് 210 ആക്കണമെന്ന ശുപാർശ. നിലവിൽ 175. കിലോമീറ്റർ നിരക്ക് 15 നിന്ന് 18 രൂപയാക്കണം. 1500 സി.സിയിൽ കൂടുതലുള്ളവയ്ക്ക് മിനിമം 200ൽ നിന്ന് 240 രൂപയാക്കണം. കിലോമീറ്റർ നിരക്ക് 17 നിന്ന് 20 രൂപ. വെയിറ്റിംഗ് ചാർജ് മണിക്കൂറിന് 50 രൂപയും ഒരുദിവസം പരമാവധി 500 രൂപയും നിലനിറുത്തണം.
ചർച്ചകൾക്കുശേഷം അന്തിമ തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ധന വില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ നിരക്ക് കൂട്ടണമെന്ന ഈ മേഖലയിലുള്ളവരുടെ ആവശ്യം ന്യായമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നിരക്ക് കൂട്ടുമെന്ന് നവംബർ 22ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.