
വിഴിഞ്ഞം: തുറമുഖത്ത് മത്സ്യലഭ്യത കുറഞ്ഞതോടെ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. ഇതിന് പുറമെ ഇരുട്ടടിയായി മണ്ണെണ്ണ ക്ഷാമവും രൂക്ഷമാകുന്നു. കിട്ടുന്ന മണ്ണെണ്ണയ്ക്കാകട്ടെ അമിത വിലയും. ആയിരങ്ങൾ മുടക്കി കടലിൽ പോകുന്നവർക്ക് മത്സ്യം ലഭിക്കാതെ തിരികെ വരേണ്ട സ്ഥിതിയിലാണ്. ഒപ്പം കടബദ്ധ്യത കൂടിയായതോടെ മത്സ്യത്തൊഴിലാളികളുടെ ദുരിതം ഏറി. മത്സ്യ ഫെഡിന്റെ ബങ്കുകളിൽ സർക്കാർ സബ്സിഡി മണ്ണെണ്ണ കിട്ടാനില്ല. എന്നാൽ അനധികൃത വില്പന തകൃതിയാണ്. ഇവിടെ മണ്ണെണ്ണയുടെയും മത്സ്യത്തിന്റെയും ലഭ്യത കുറഞ്ഞതോടെ തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിലേക്കും ഗൾഫു രാജ്യങ്ങളിലേക്കും മത്സ്യബന്ധനത്തിനായി പോകുന്ന അവസ്ഥയാണ് നിലവിൽ. സർക്കാർ തലത്തിൽ മണ്ണെണ്ണ വിതരണം ഉണ്ടെങ്കിലും തൊഴിലാളികൾക്ക് ലഭ്യമല്ല.
സംവിധാനമുണ്ട് എന്നിട്ടും...
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് മുഖേന പെർമിറ്റ് അനുസരിച്ച് ലീറ്ററിന് 48 രൂപയ്ക്ക് നീല മണ്ണെണ്ണ ലഭ്യമാക്കുന്ന സംവിധാനമുണ്ട്. ഇവിടെ നിന്ന് എൻജിൻ ശേഷി അനുസരിച്ച് നിശ്ചിത അളവ് ഇന്ധനം മാത്രമേ ഒരു മാസം ലഭിക്കൂ. ഈ വിഹിതം തുലോം കുറവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മത്സ്യഫെഡി നേതൃത്വത്തിൽ വിഴിഞ്ഞം തീരദേശത്തുൾപ്പെടെ സജ്ജമാക്കിയിട്ടുള്ള പമ്പുകൾ വഴി 25 രൂപ സബ്സിഡിയിൽ ലീറ്ററിന് 133 രൂപയോളം ഈടാക്കി കുപ്പൺ മുഖേന മണ്ണെണ്ണ നൽകുന്ന മറ്റൊരു സംവിധാനവുമുണ്ട്. ഇവിടെയും എൻജിൻ ശേഷിയനുസരിച്ച് നിശ്ചിത വിഹിതമേയുള്ളൂ.
പരാതികളേറെ
സബ്സിഡി തുക കൃത്യമായി കിട്ടാറില്ല. മണ്ണെണ്ണ വില വർധനയ്ക്കനുസരിച്ച് സബ്സിഡി വർധിക്കുന്നില്ലെന്നും പരാതിയുണ്ട്. മണ്ണെണ്ണയുടെ ലഭ്യത കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടെ ലീറ്ററിന് 115 രൂപ മുതൽ 15 രൂപവരെ ആവശ്യാനുസരണം വില ഉയരുമെന്ന് തൊഴിലാളികൾ പറയുന്നു. മണ്ണെണ്ണ ലഭ്യമല്ലാത്തതിനാൽ ഇന്നലെ മത്സ്യ തൊഴിലാളികൾ വിഴിഞ്ഞത്തെ മത്സ്യ ഫെഡിന്റെ മണ്ണെണ്ണ ബങ്ക് ഉപരോധിച്ചു.
ആവശ്യങ്ങൾ ഇങ്ങനെ
വിഴിഞ്ഞം കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ആവശ്യാനുസരണം മണ്ണെണ്ണ ലഭ്യമാക്കാനുള്ള ഏകജാലക സംവിധാനം വേണം. ആവശ്യാനുസരണം പെട്രോൾ പമ്പുകളുടേതിന് സമാനമായി സർക്കാർ തലത്തിൽ മണ്ണെണ്ണ പമ്പുകൾ സ്ഥാപിക്കണം. മാനദണ്ഡം പാലിച്ച് മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട് ആവശ്യാനുസരണം ഇന്ധനം ലഭ്യമാക്കണം.