kerala-university

തിരുവനന്തപുരം: അവസാന തീയതിക്ക് മുമ്പ് തന്നെ ഇൻറർവ്യൂ നിശ്ചയിച്ച് കേരള സർവകലാശാല ഉദ്യോഗാർത്ഥികൾക്ക് ഫോണിലൂടെ അറിയിപ്പ് നൽകിയത് വിവാദമായി. സർവകലാശാലയുടെ കീഴിലുള്ള പോപ്പുലേഷൻ റിസർച്ച് സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസർക്ക് തത്തുല്യ യോഗ്യതകളും ശമ്പളവുമുള്ള റിസർച്ച് ഓഫീസർ തസ്തികയ്ക്ക് ഫെബ്രുവരി 19നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡെമോഗ്രഫിയിലോ പോപ്പുലേഷൻ സ്റ്റഡീസിലോ ഉള്ള ബിരുദാനന്തരബിരുദവും നെറ്റുമാണ് കുറഞ്ഞ യോഗ്യത. ഇന്നലെ വൈകിട്ട് 5 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധിയെങ്കിലും, രാവിലെ തന്നെ അപേക്ഷകൾ പരിശോധിച്ച് ഫോണിലൂടെ നാളെ ഇൻറർവ്യൂവിൽ പങ്കെടുക്കാൻ അപേക്ഷകരോട് ആവശ്യപ്പെടുകയായിരുന്നു. ഡോക്ടറേറ്റുള്ളവരടക്കം സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി മുപ്പതോളം പേരാണ് അപേക്ഷകരായുള്ളത്. നിയമനം സ്ഥിരമാകുമെന്നതിനാൽ വി.സി ചെയർമാനായ ചട്ടപ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഇൻറർവ്യൂ നടത്തുന്നത്. സി.പി.എമ്മിന് സ്വാധീനമുള്ള ഒരാളെ മുന്നിൽക്കണ്ടാണ് നിയമനം തിരക്കിട്ട് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.

ഇന്റർവ്യൂവിന് 10 ദിവസം മുമ്പെങ്കിലും ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് ലഭിച്ചിരിക്കണമെന്നതാണ് സർവകലാശാല ചട്ടവും കീഴ്‌വഴക്കവും. സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമായി സിൻഡിക്കേറ്റ് നിർദ്ദേശപ്രകാരം മിനിമം യോഗ്യതകളിലും വയസിലും ഇളവ് വരുത്തി ചില അപേക്ഷകരെ പങ്കെടുപ്പിക്കുന്നതായും ആക്ഷേപമുണ്ട്.