അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
തിരുവനന്തപുരം: പൂന്തുറയിൽ പൊലീസ് ജീപ്പിൽ നിന്നുവീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂന്തുറ സ്വദേശി സനോഫർ മരിച്ച സംഭവത്തിൽ എഫ്.ഐ.ആറും അനുബന്ധ വിവരങ്ങളും സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി.
എഫ്.ഐ.ആർ പരിശോധനയ്ക്കും തുടർ അന്വേഷണത്തിനും ശേഷമാകും പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാകൂ. സംഭവത്തെപ്പറ്റിയുള്ള അന്വേഷണം ജില്ലാ ക്രൈബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ സംഭവത്തിൽ വീഴ്‌ചയുണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ജില്ലാ ക്രൈബ്രാഞ്ച് ഇന്നും നാളെയുമായി വീട്ടുകാരുടെയും പൊലീസിന്റെയും മൊഴി രേഖപ്പെടുത്തും. തലച്ചോറിലെ പൊട്ടലാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. എന്നാൽ പൊലീസ് സനോഫറിനെ മർദ്ദിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.
പൊലീസ് പറയുന്നത്
ബുധനാഴ്ച രാത്രി മസാലത്തെരുവിൽ ഒരാൾ മദ്യപിച്ച് ബഹളമുണ്ടാകുന്നതായി കൺട്രോൾ റൂമിൽ നിന്ന് സന്ദേശം ലഭിച്ചതിനെ തുടർന്ന് ബൈക്ക് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. മദ്യലഹരിയിൽ പരിക്കേറ്റ നിലയിൽ കണ്ട സനോഫറിനോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടു.
വീട്ടുകാരോട് പരാതിയുണ്ടെങ്കിൽ സ്റ്റേഷനിൽ നൽകാനും ആവശ്യപ്പെട്ടു. പിന്നീട് സനോഫറും വീട്ടുകാരും പൂന്തുറ സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങി. അതിനുശേഷം എസ്.എം ലോക്ക് ഭാഗത്തുവച്ച് പരിക്കേറ്റ നിലയിൽ കണ്ട സനോഫറിനെ രണ്ടു പൊലീസുകാർ ഓട്ടോയിൽ കയറ്റി ഫോർട്ട് ആശുപത്രിയിൽ കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് തിരികെ വീട്ടിലെത്തിച്ചെങ്കിലും ബന്ധുക്കൾ സനോഫറിനെ വീട്ടിൽ കയറ്റാൻ അനുവദിച്ചില്ല. തുടർന്ന് തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
മെഡിക്കൽ പരിശോധനയ്‌ക്കായി ജീപ്പിൽ ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ഈഞ്ചയ്ക്കൽ ജംഗ്ഷന് സമീപത്തുവച്ച് ഇയാൾ പിറകിലെ സീറ്റിലിരുന്ന ഹോം ഗാർഡിനെ തള്ളിമാറ്റി റോഡിലേക്ക് ചാടി. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലുമെത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഇയാൾ വണ്ടിയിൽ നിന്ന് ചാടിയ കാര്യം മേലുദ്യോഗസ്ഥരെ വയർലെസ് വഴി അറിയിച്ചു. സനോഫറിന്റെ ബന്ധുക്കളോടും ഇതേക്കുറിച്ച് അറിയിച്ചിരുന്നു.