വിതുര: വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ അനുവദിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം അനന്തമായി നീളുന്നു. ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ മൂന്ന് വർഷം മുൻപാണ് ഡയാലിസിസ് സെന്റർ അനുവദിച്ചത്. ആദിവാസി, പിന്നാക്കവിഭാഗങ്ങൾ ധാരാളമുള്ള പഞ്ചായത്തുകളാണ് വിതുരയും തൊളിക്കോടും. കിഡ്നി സംബന്ധമായ രോഗികളും പ്രമേഹരോഗികളും ധാരാളമുണ്ട്. ഇവർ നിലവിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലോ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലോ പേരൂർക്കട ആശുപത്രിയിലോ പോകേണ്ട അവസ്ഥയാണ്. ഇതുമൂലം ചികിത്സക്ക്പോലും പണമില്ലാത്ത രോഗികൾ നട്ടം തിരിയുകയാണ്. പണമില്ലാത്തതിനാൽ പലരും ഡയാലിസിസിന് പോകാത്ത സ്ഥിതിയിലാണെന്നും പരാതിയുണ്ട്. ഡയാലിസ് യൂണിറ്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായെന്നും ഇനി ഉദ്ഘാടനം നടത്തേണ്ട കാര്യമേയുള്ളൂവെന്നുമാണ് രോഗികൾ പറയുന്നത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രിക്കും എം.പി.ക്കും എം.എൽ.എക്കും വരെ പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. ഡയാലിസിസ് സെന്റർ പ്രവർത്തനക്ഷമമാകാൻ രണ്ട് മാസം കൂടി വേണമെന്നാണ് ആശുപത്രി മേധാവികൾ പറയുന്നത്. ആശുപത്രിയിൽ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും വേണ്ടത്ര ഡോക്ടർമാരെയും മറ്റും നിയമിക്കണമെന്നുമാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
വിതുര, തൊളിക്കോട്, പെരിങ്ങമ്മല, നന്ദിയോട്, ആര്യനാട്,പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
കമ്മ്യൂണിറ്റിഹെൽത്ത് സെന്ററായിരുന്ന ആശുപത്രിയെ ഏഴ് വർഷം മുൻപ് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. നിലവിൽ താലൂക്ക് ആശുപത്രിയാണെങ്കിലും പ്രവർത്തനങ്ങൾ പഴയ പടിയിലാണെന്നാണ് നാട്ടുകാരുടെ പരാതി. താലൂക്ക് ആശുപത്രിക്ക് ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫ് നഴ്സുമാരേയും മറ്റ് ജീവനക്കാരേയും ഇതുവരെ നിയമിച്ചിട്ടില്ല.
താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ച ശേഷവും ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായതോടെ മൂന്ന് വർഷം മുൻപ് ആശുപത്രിയുടെ നിയന്ത്രണം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. തുടർന്ന് പുതിയ മന്ദിരവും മറ്റും നിർമ്മിക്കുവാൻ ഫണ്ട് അനുവദിച്ചു. ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വിതുര താലൂക്ക് ആശുപത്രിയിൽ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും സ്റ്റാഫ് പാറ്റേൺ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജി.സ്റ്റീഫൻ എം.എൽ.എ കഴിഞ്ഞ ദിവസം നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. സർക്കാരിന്റെ സാമ്പത്തികസ്ഥിതികൂടി പരിഗണിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.