
വർക്കല: മുൻ മുഖ്യമന്ത്റിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറുടെ ഉറ്റ അനുയായികളിലൊരാളും വിശ്വസ്തനുമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അഡ്വ. എൻ.സുരേന്ദ്രലാൽ. അര നൂറ്റാണ്ടിലേറെ ശ്രീനാരായണ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ട്രസ്റ്റിന്റെ ഭാഗമായി ആർ.ശങ്കർ ചെയർമാനായി മെഡിക്കൽ മിഷൻ രൂപീകരിച്ചപ്പോൾ, അതിന്റെ സ്ഥാപക സെക്രട്ടറി എൻ.സുരേന്ദ്രലാലായിരുന്നു. അഭിഭാഷക വൃത്തിപോലും മാറ്റിവച്ചാണ് അദ്ദേഹം മെഡിക്കൽ മിഷന്റെയും കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയുടെയും മുഴുവൻസമയ പ്രവർത്തനങ്ങളിൽ വ്യാപൃതനായത്.
ആർ.ശങ്കറുടെ ഷഷ്ഠിപൂർത്തി ആഘോഷക്കമ്മിറ്റിയുടെ കൺവീനറായും പ്രവർത്തിച്ചു.
കോൺഗ്രസ് രാഷ്ടീയത്തിലും സജീവമായിത്തന്നെ ഇടപെട്ടു. എസ്.എസ്.ഹരിഹരഅയ്യർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നപ്പോൾ സുരേന്ദ്രലാലായിരുന്നു സെക്രട്ടറി. തീരെ ചെറുപ്പത്തിലേ ശിവഗിരി മഠവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു അടുപ്പമുളവർ ലാൽവക്കീൽ എന്നു വിളിച്ചിരുന്ന സുരേന്ദ്രലാൽ. ശിവഗിരി ശ്രീനാരായണ കോളേജിന്റെ സ്ഥാപകരിൽ അവസാനകണ്ണിയായിരുന്നു . 12-ാമത്തെ വയസിൽ അച്ഛൻ വെട്ടൂർ നാരായണൻ വൈദ്യന്റെ കൈപിടിച്ച് ശിവഗിരിയിൽ തീർത്ഥാടനത്തിനെത്തിയ സന്ദർഭം അദ്ദേഹം അനുസ്മരിക്കുമായിരുന്നു. ഒരു തീർത്ഥാടന സമ്മേളനത്തിൽ സഹോദരൻ അയ്യപ്പൻ രചിച്ച സമാധിഗാനം ആലപിക്കവേ ഭക്തിയുടെ പാരമ്യത്തിൽ കണ്ണീർവാർത്തതും അതിന്റെ പ്രതിഫലനം സദസിലാകെ അലയടിച്ചതും തിളക്കമാർന്ന അനുഭവമായിരുന്നു. മറ്റൊരു തീർത്ഥാടനകാലത്ത് പ്രസംഗകനായിരുന്ന എം.കെ.സാനു വേദിയിൽ കുഴഞ്ഞുവീണു. എല്ലാവരും അന്ധാളിച്ചുപോയ ആ സന്ദർഭത്തിൽ പ്രസംഗവേദിക്കു സമീപം 12അടിയിലേറെ താഴ്ചയുളള റോഡിലേക്ക് എടുത്തുചാടി ഡോക്ടറെ കൊണ്ടുവന്ന സംഭവവുമുണ്ട്. ശ്രീനാരായണഗുരുവിന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് അന്നൊരു പോറൽപോലും ഏൽക്കാതിരുന്നതെന്നും അദ്ദേഹം പറയുമായിരുന്നു. അരനൂറ്റാണ്ടിലേറെ ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു. വി.ദക്ഷിണാമൂർത്തിയെക്കൊണ്ട് ആദ്യമായി ഗുരുദേവകൃതികളുടെ സംഗീതാവിഷ്ക്കാരം നടത്തിക്കുകയും ഡോ.സി.കെ.രേവമ്മയെയും യേശുദാസിനെയും കൊണ്ട് ആലാപനം നടത്തിക്കുകയും എച്ച്.എം.വി എൽ.പി റെക്കാഡുകളായി പുറത്തിറക്കുകയും ചെയ്തതിന്റെ അണിയറക്കാരനായിരുന്നു സുരേന്ദ്രലാൽ. ഇതുവരെ പുറത്തിറങ്ങിയ ഗുരുദേവകൃതികളുടെ സംഗീതാവിഷ്കാരങ്ങളിൽ ഏറ്റവും മികച്ചതും ഇതുതന്നെ.