ബാലരാമപുരം: അംഗങ്ങളെ അറിയിക്കാതെയും പൊതുയോഗം അംഗീകരിച്ച് പാസാക്കേണ്ട 2019- 20 ലെ ബഡ്ജറ്റ് പൊതുയോഗ നോട്ടീസിൽ ഉൾപ്പെടുത്താതെയും ഇന്ന് എറണാകുളത്ത് ചേരുന്ന ഹാൻടെക്സ് പൊതുയോഗം നിയമവിരുദ്ധമാണെന്ന് കൈത്തറിത്തൊഴിലാളി കോൺഗ്രസ് സംസ്ഥാനകമ്മിറ്റി അറിയിച്ചു.

15ന് മുമ്പ് അംഗ സംഘങ്ങളുടെ പ്രതിനിധി ഫോറങ്ങൾ ഹാൻടെക്സിലെത്തിക്കണമെന്ന തീയതി, സൂചിപ്പിച്ച നോട്ടീസ് പല സംഘങ്ങൾക്കും തപാലിൽ ലഭിച്ചത് 18,​19 തീയതികളിലാണ്. 118 സംഘങ്ങളെ പ്രാഥമിക ലിസ്റ്റിൽ നിന്ന് ഒരു കാരണവുമില്ലാതെ നീക്കം ചെയ്തു. അഞ്ഞൂറിൽപ്പരം സംഘങ്ങളിൽ 288 സ്ഥാപനങ്ങൾ തിരുവനന്തപുരം ജില്ലയിലായിരിക്കെ കഴിഞ്ഞ പത്ത് വർഷമായി തിരുവനന്തപുരത്ത് നടന്നിരുന്ന പൊതുയോഗം പൊടുന്നെനെ എറണാകുളത്ത് കൂടാൻ തീരുമാനിച്ചതിലും വലിയ ദുരൂഹതയുണ്ട്. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറിയും യൂണിയൻ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റുമായ അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. കുഴിവിള ശശി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ മംഗലത്തുകോണം തുളസി,​ എൻ.ജയചന്ദ്രൻ,​ പയറ്റുവിള മധു,​ ഉച്ചക്കട ജയൻ,​ അഭിലാഷ്,​ കുഴിവിള സുരേന്ദ്രൻ,​ പെരിങ്ങമല ബിനു എന്നിവർ പ്രസംഗിച്ചു.