വർക്കല : തലയ്ക്കുമുറിവേറ്റ് റെയിൽവേ ട്രാക്കിൽ രക്തംവാർന്നു കിടന്ന വൃദ്ധനെ വർക്കല ഫയർഫോഴ്സ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ പുന്നമൂട് റെയിൽവേ ഗേറ്റിന് 200 മീറ്റർ മാറിയാണ് സംഭവം.കണ്ണമ്പ പുതുവൽവിള വീട്ടിൽ ഗോപാലകൃഷ്ണനാണ് (71) അപകടത്തിൽപെട്ടത്. ട്രെയിൻ വരുന്നതുകണ്ട് പെട്ടെന്ന് പാളം മുറിച്ചു കടക്കാൻ ശ്രമിക്കവേ കാൽതട്ടി വീഴുകയായിരുന്നു. തിരുവനന്തപുരം എക്സ്‌പ്രസിന്റെ ലോക്കോപൈലറ്റ് വർക്കല റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി വർക്കല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.