ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്തിലെ പുതുക്കരി നിവാസികൾക്ക് മറക്കാനാവാത്ത ജലദിനമായിരുന്നു ഇന്നലെ. ജലമില്ലാത്തതിനാൽ കുളിക്കാതെയും കഴുകാതെയും പാചകം ചെയ്യാതെയും കഴിച്ചു കൂട്ടിയ സുദിനം.
തീരദേശ പ്രദേശമായ ഇവിടെ, ശുദ്ധജല സ്രോതസുകൾ ഇല്ലാത്തതിനാൽ പൈപ്പ് വെള്ളത്തേ ആശ്രയിച്ചാണ് നാട്ടുകാർ കഴിയുന്നത്. പക്ഷെ, കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാട്ടർ അതോറിട്ടി പൈപ്പിൽ വെള്ളം ഒഴിവാക്കി. ഇതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. കടലിനോടു ചേർന്നുകിടക്കുന്ന ഈ പ്രദേശത്തെ കിണറുകളിൽ ഓരു ജലമായതിനാൽ അത് കുടിക്കാനോ കുളിക്കാനോ കഴിയില്ല. അതുകൊണ്ട് ഈ പ്രദേശത്ത് പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലവാസിയും പൊതുപ്രവർത്തകനുമായ എസ്.സുജാതൻ അഭ്യർത്ഥിച്ചു.