
പാറശാല: കഴക്കൂട്ടം -കാരോട് ബൈപ്പാസ് റോഡിലെ പ്ലാമൂട്ടുക്കട ജംഗ്‌ഷന് സമീപത്തെ അണ്ടർ പാസേജിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ അപകടങ്ങൾക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. ഗ്രാമ പ്രദേശമായ പ്ലാമൂട്ടുക്കട എന്ന ഗ്രാമത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ൽ നിർമ്മിച്ചിട്ടുള്ള പ്ലാമൂട്ടുക്കട ജംഗ്‌ഷന് സമീപത്തെ അണ്ടർപാസേജ് ആണ് വെള്ളപ്പൊക്ക, അപകടഭീഷണികൾ മുഴക്കുന്നത്. നിലവിൽ ദേശീയപാത 47നെ തീരദേശവുമായി ബന്ധിപ്പിക്കുന്ന ഉദിയൻകുളങ്ങര - പൊഴിയൂർ റോഡിന് കുറുകെ മുകളിലൂടെ കടന്നുപോകുന്ന എൻ.എച്ച് 66 എന്ന ബൈപ്പാസ് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അണ്ടർപാസേജ് ബ്രിഡ്‌ജിന്റെ നിർമ്മാണമാണ് പ്രശ്നങ്ങൾക്ക് കാരണം. പ്ലാമൂട്ടുക്കട ഷാപ്പ്മുക്ക് ജംഗ്‌ഷനിൽ നിന്നും തോട്ടിൻകര ഭാഗത്തേക്ക് കുത്തിറക്കായുള്ള ഭാഗത്ത് റോഡിന് കുറുകെ മുകളിലൂടെയാണ് എൻ.എച്ച് 66 ബൈപ്പാസ് റോഡ് കടന്നുപോകുന്നത്.
അപകട സൂചനകളും ഇല്ല
ബൈപ്പാസ് റോഡിന് ഇരുവശത്തായി നിർമ്മിച്ചിട്ടുള്ളതും കീഴ്ക്കാംതൂക്കായ സർവീസ് റോഡുകളും തിരക്കേറിയതും കുത്തിറക്കത്തിലുള്ള പി.ഡബ്യൂ.ഡി വക പ്ലാമൂട്ടുക്കട - ഉദിയൻകുളങ്ങര റോഡിലാണ് അവസാനിക്കുന്നത്. കീഴ്ക്കാംതൂക്കായ നാല് സർവ്വീസ് റോഡുകൾ എത്തിച്ചേരുന്നതാകട്ടെ തിരക്കേറിയതും മറ്റൊരു കീഴ്ക്കാംതൂക്കായതുമായ ഉദിയൻകുളങ്ങര - പൊഴിയൂർ റോഡിലുമാണ്. ഇത്തരത്തിൽ ആറ് റോഡുകൾ ഒത്തുചേരുന്ന ഭാഗത്ത് യാതൊരു മുന്നറിയിപ്പുകളോ അപകടസൂചനകളോ സ്ഥാപിക്കാത്തത് അപകടങ്ങൾ കരണമാകുമെന്നും പരാതിയുണ്ട്. മാത്രമല്ല താഴ്ന്ന പ്രദേശത്ത് നിമ്മിച്ചിരിക്കുന്ന അണ്ടർ പാസേജിലൂടെ വാഹങ്ങൾക്ക് ഒഴികെ കാൽനടക്കാർക്ക് കടന്നുപോകാനായി നടപ്പാതയോ മറ്റ് സംവിധാനങ്ങളോ നിർമ്മിച്ചിട്ടില്ല.
മഴപെയ്താൽ വെള്ളപ്പൊക്കം
പാലത്തിലെ റോഡിലെ ടാറിംഗ് പൂർത്തിയായെങ്കിലും പി.ഡബ്ളിയു.ഡി വക റോഡിൽ നിലവിൽ ഉണ്ടായിരുന്ന ഓടകൾ ഇരുഭാഗത്തും കെട്ടിഅടച്ചു. മാത്രമല്ല ബൈപ്പാസ് റോഡിന് ഇരു വശത്തായുള്ള നാല് സർവ്വീസ് റോഡുകളിൽ നിർമ്മിച്ചിട്ടുള്ള ഓടകളും പി.ഡബ്ളിയു.ഡി റോഡിന് സമീപത്തുവച്ച് അടച്ച നിലയിലാണ്. ഇത്തരത്തിൽ എല്ലാ ഭാഗത്തും ഓട അടച്ചതോടെ മഴവെള്ളം പാലത്തിനടിയിലെ റോഡിലൂടെ ഒഴുകും. മഴയത്ത് ബൈപ്പാസ് റോഡിലെയും സർവ്വീസ് റോഡിലെയും പി.ഡബ്ളിയു.ഡി റോഡിലെയും വെള്ളം പാലത്തിന് താഴെയുള്ള റോഡിൽ ഒഴുകിയെത്തും. ചെങ്കുത്തായ ആറ് റോഡുകൾ ഒത്തുചേരുന്ന പ്രദേശത്തെ ഓടകൾ അടച്ചതിനാൽ മഴക്കാലത്ത് ഇവിടെ വെള്ളം പൊങ്ങി നാശനഷ്ടം ഉണ്ടാകുമെന്നത് ഉറപ്പാണ്.
പി.ഡബ്ളിയു.ഡി റോഡിന് മുകളിലൂടെ നിർമിച്ചിട്ടുള്ള അണ്ടർ പാസേജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അപകടങ്ങൾക്കും വെള്ളപൊക്കത്തിനും കാരണമാകുന്ന പ്രശ്നങ്ങൾക്ക് അധികൃതർ വേണ്ടത്ര ശ്രദ്ധചെലുത്തി അടിയന്തര നടപടികൾ സ്വീകരിക്കണം.
പി.എസ്.മേഘവർണ്ണൻ, ചെയർമാൻ, പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മ
ഫോട്ടോ: കഴക്കൂട്ടം -കാരോട് ബൈപ്പാസ് റോഡിലെ പ്രധാന അണ്ടർ പാസേജുകളിൽ ഒന്നായ പ്ലാമൂട്ടുക്കട ജംഗ്‌ഷനു സമീപത്ത് അപകടക്കെണിയായി മാറിയിട്ടുള്ള അണ്ടർപാസേജ്.