milma

തിരുവനന്തപുരം: ഏപിൽ 9 ന് നടക്കാനിരിക്കുന്ന മിൽമ തിരുവനന്തപുരം യൂണിയൻ ഭരണസമിതി തി​രഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ആകെ സമർപ്പിക്കപ്പെട്ട 56 പത്രികകളിൽ തിരുവനന്തപുരം-25, കൊല്ലം-13,പത്തനംതിട്ട - 6, ആലപ്പുഴ - 10 എന്നിങ്ങനെയാണ് ഇനി അവശേഷിക്കുന്നത്.

മുൻ ചെയർമാൻ കല്ലട രമേശിന്റെ പത്രിക ഒഴിവാക്കപ്പെട്ടു. മൂന്നു ടേമിൽ കൂടുതൽ മേഖലാ യൂണിയനുകളുടെ ഭരണസമിതിയിൽ തുടരാനാവില്ലെന്ന് പുതുതായി കൊണ്ടുവന്ന നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണി​ത്. നിലവിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ, അംഗങ്ങളായ വി.എസ്.പത്മകുമാർ, കെ.ആർ.മോഹനൻ പിള്ള എന്നിവരുടെ നാമനിർദ്ദേശപത്രികകൾ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം -5, കൊല്ലം-4, പത്തനംതിട്ട - 2 , ആലപ്പുഴ-3 എന്ന ക്രമത്തിൽ 14 പേരാണ് യൂണിയൻ ഭരണസമിതിയിലേക്ക് തി​രഞ്ഞെടുക്കപ്പെടേണ്ടത്. നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന തീയതിയായ 24 ന് ശേഷമേ സ്ഥാനാർത്ഥികളുടെ പൂർണ ചിത്രം വ്യക്തമാകൂ.