നെയ്യാറ്റിൻകര:അരുവിപ്പുറം ആയയിൽ കരിയിലക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുളള പ്രസിദ്ധമായ ആയയിൽ വിളക്ക്കെട്ട് ഘോഷയാത്ര 24ന് വൈകിട്ട് 3ന് ആരംഭിക്കും.ഘോഷയാത്രയ്ക്ക് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഭദ്രദീപം തെളിക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനാവൂർ നാഗപ്പൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവിയെ പെരുമ്പഴുതൂരിലേക്ക് എഴുന്നള്ളിച്ചാണ് ഘോഷയാത്ര ആരംഭിക്കുന്നത്. തുടർന്ന് നിരവധി ഗജവീരന്മാരുടെയും ഫ്ലോട്ടുകളുടെയും ബാന്റ് മേളം,പഞ്ചവാദ്യം,നാദസ്വര നെയ്യാണ്ടിമേളങ്ങൾ, അകമ്പടിയും ശിങ്കാരിമേളം,നാസിക് ഡോൾ, പുലിക്കളി, തെയ്യം തിറ, മാനാട്ടം,മയിലാട്ടം, മയൂരനൃത്തം, പെരുങ്കളി നൃത്തം,കോൽക്കളി എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകും.പെരുമ്പഴുതൂരിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കീളിയോട്, പന്താവിള, മുട്ടയ്ക്കാട്, പഴിഞ്ഞിക്കുഴി, മുളളറവിള, മാമ്പഴക്കര, തൃക്കടമ്പ് മഹാദേവക്ഷേത്രം,തോട്ടവാരം, പെരുങ്കടവിള, കുളവുംതല ഗണപതി ക്ഷേത്രം, അയിരൂർ ഗുരുദേവ നഗ‌ർ വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് വിശേഷാൽ പൂജയും രാത്രി 10ന് ഗാനമേളയും ഉണ്ടാകും.വെളുപ്പിന് 3ന് ഗംഭീര വിളക്കെഴുന്നള്ളത്ത്. 25ന് രാവിലെ 9ന് പൊങ്കാല.രാത്രി 10ന് നടക്കുന്ന ഗുരുസിയോടെ ഉത്സവം സമാപിക്കും.