shefeer-ulkadanam-cheyyun

കല്ലമ്പലം: പതിനായിരങ്ങളെ കുടിയിറക്കുന്ന, പരിസ്ഥിതിയെയും പശ്ചിമഘട്ടത്തെയും തകർക്കുന്ന, കേരളത്തെ കടക്കെണിയിലാക്കുന്ന കെ.റെയിൽ - സിൽവർ ലൈൻ പദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മാർച്ച് 1ന് കാസർകോട്ട് നിന്നാരംഭിച്ച കെ.റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന ജാഥയ്ക്ക് തിരുവനന്തപുരം ജില്ലാതിർത്തിയിൽ വരവേല്പ് നൽകി. പദ്ധതി അലൈൻമെന്റിൽ ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി, ഖബർസ്ഥാൻ എന്നിവ നഷ്ടപ്പെടുന്ന നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്നിലാണ് ജില്ലയിലെ ആദ്യ സ്വീകരണം നൽകിയത്.

കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം ഷെഫീർ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.

സമിതി ജില്ലാ കൺവീനർ കരവാരം രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന ചെയർമാനും ജാഥാ ക്യാപ്റ്റനുമായ എം.പി. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം എ.ജെ.ജിഹാദ്, സമിതി യൂണിറ്റ് കൺവീനർ നസീർ മരുതിക്കുന്ന്, ബി.എസ്.പി.മണ്ഡലം പ്രസിഡന്റ് കെ.ജി.പ്രേംജോഷ്, ആലുംമൂട്ടിൽ അലിയാരു കുഞ്ഞ്, സജീർ നാവായിക്കുളം, രാമചന്ദ്രൻ മുല്ലനല്ലൂർ, അലിയാരു കുഞ്ഞ് മരുതിക്കുന്ന്, ജി.ആർ.സുഭാഷ്, ഷിഹാബുദ്ദീൻ മന്നാനി, ഇസ്ഹാക്ക് എന്നിവർ സംസാരിച്ചു.

24ന് സെക്രട്ടേറിയറ്റിന് മുന്നിൽ മഹാ സംഗമത്തോടെ ജാഥ സമാപിക്കുമെന്നും പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുന്നതു വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും വൈസ് ക്യാപ്റ്റൻ എസ്.രാജീവൻ, ജാഥാ മാനേജർ ടി.ടി.ഇസ്മയിൽ എന്നിവർ അറിയിച്ചു. സ്വീകരണ യോഗത്തിനു മുമ്പ് ജാഥാംഗങ്ങൾ അവതരിപ്പിച്ച സിൽവർ ലൈൻ ഒരു ദുരന്തം എന്ന നാടകം പ്രതിഷേധക്കാരുടെ മനം കവർന്നു. കല്ലമ്പലം ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗം വർക്കല കഹാറും കടുവയിൽ ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗം പരിസ്ഥിതി പ്രവർത്തകൻ പി.ആർ.നീലകണ്ഠനും ഉദ്ഘാടനം ചെയ്തു.