
വിഴിഞ്ഞം: ഈസ്റ്റ് ആഫ്രിക്കയിൽ പിടിയിലായവർ മോചിതരായ വിവരമറിഞ്ഞ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആഹ്ളാദത്തിൽ. ദിശതെറ്റി അതിർത്തി ലംഘിച്ച് പിടിയിലായി 11 ദിവസത്തിന് ശേഷമാണ് ഇവർ മോചിതരായത്. ഇന്നലെ ഉച്ചയോടെ ഇവർ മോചിതരായ വിവരം അറിഞ്ഞതു മുതൽ വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനിയിൽ ജോണിയുടേയും തോമസിന്റെയും കുടുംബങ്ങൾ സന്തോഷത്തിലാണ്. ഇരുവരും പിടിയിലായ വിവരമറിഞ്ഞ ദിവസം മുതൽ കുടുംബങ്ങൾ പ്രാർത്ഥനയോടെ കഴിയുകയായിരുന്നു. മോചനത്തിനായി പരിശ്രമിച്ച മുഖ്യമന്ത്രി, കൗൺസിലർ പനിയടിമ ജോൺ, വേൾഡ് മലയാളി ഫെഡറേഷൻ ഉൾപ്പെടെയുള്ള എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഇരുവരുടെയും ഭാര്യമാർ പറഞ്ഞു.